ജിദ്ദ - ജിദ്ദ കിംഗ് അബ്ദുൽ അസീസ് റോഡിൽ സൗദി ദമ്പതികളെ ആക്രമിച്ച രണ്ടു സ്വദേശി യുവാക്കളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു. റോഡ് ഉപയോഗിക്കുന്നതിനുള്ള അവകാശവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് യുവാക്കൾ ദമ്പതികളെ ആക്രമിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് പൊതുസമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
ദമ്പതികൾക്കും യുവാക്കൾക്കുമിടയിലുണ്ടായ തർക്കം മൂർഛിച്ച് സംഘർഷത്തിൽ കലാശിക്കുകയായിരുന്നെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. സുരക്ഷാ വകുപ്പുകൾ പ്രശ്‌നത്തിൽ ഇടപെട്ട് എഫ്.ഐ.ആർ തയാറാക്കി അന്വേഷണം പൂർത്തിയാക്കുന്നതിന് പ്രതികളെ പോലീസ് സ്റ്റേഷന് കൈമാറി.