ആയുധങ്ങളും മയക്കുമരുന്നും എത്തിക്കാന്‍ ദുരുപയോഗിക്കുന്നു
ന്യൂദല്‍ഹി- നിയന്ത്രണ രേഖ വഴി പാക്കധീന കശ്മീരുമായി നടത്തിയിരുന്ന വ്യാപാരം നിര്‍ത്തിവെച്ചു. ഇതുവഴി അനധികൃത ആയുധങ്ങളും മയക്കുമരുന്നുകളും വ്യാജ കറന്‍സികളും ഇന്ത്യയിലെത്തിക്കുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സാധാരണ ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളാണ് നിയന്ത്രണ രേഖവഴി ഇരു കശ്മീരിലേയും ജനങ്ങള്‍ വില്‍പന നടത്തിയിരുന്നത്. ബാരാമുല്ല ജില്ലയിലെ സലാമാബാദ്, പൂഞ്ച് ജില്ലയിലെ ചക്കാന്‍ ദ ബാഗ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ വഴിയാണ് വ്യാപാരം അനുവദിച്ചിരുന്നുത്.
ആഴ്ചയില്‍ നാലു ദിവസം നടന്നിരുന്ന വ്യാപാരം നികുതിയില്ലാതെ ഇരുഭാഗത്തേക്കുമുള്ള സാധന കൈമാറ്റമെന്ന നിലയിലായിരുന്നു. പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ നിയന്ത്രണ രേഖാ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി കേന്ദ്രം വ്യക്തമാക്കുന്നു. ഇതിലൂടെ നടന്നിരുന്ന വ്യാപാരത്തിന്റെ സ്വഭാവം തന്നെ മാറിയെന്നും വിദേശരാജ്യങ്ങളില്‍നിന്നും മറ്റു മേഖലകളില്‍നിന്നും സാധനങ്ങള്‍ എത്തിച്ച് കൈമാറുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിയന്ത്രണ രേഖ വഴി വ്യാപാരം നടത്തുന്നവര്‍ നിരോധിത സംഘടനകളുമായി അടുപ്പമുള്ളവരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചതായും ആഭ്യന്തര മന്ത്രാലയം പറയുന്നു.
ഇന്ത്യ പാക്കിസ്ഥാന് നല്‍കിയിരുന്ന അതിപ്രിയങ്കര രാഷ്ട്ര പദവി 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം പിന്‍വലിച്ചിരുന്നു.