മാനന്തവാടി-വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും.
രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തുന്നത്. പ്രിയങ്കാ ഗാന്ധി ഏപ്രില്‍ 20ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെസി വേണുഗോപാല്‍ എംപി അറിയിച്ചു.
ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കഗാന്ധി 10.30ന് മാനന്തവാടിയില്‍ പൊതു യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് 12 .15ന് വാഴക്കണ്ടി കുറുമകോളനിയില്‍ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിക്കും.1:30ന് പുല്‍പ്പള്ളിയില്‍ കര്‍ഷക സംഗമത്തില്‍ പങ്കെടുത്തശേഷം 3 മണിക്ക് നിലമ്പൂരിലും 4ന് അരീക്കോടും പൊതുയോഗങ്ങളില്‍ പങ്കെടുക്കും.
മുന്‍പ് രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനായി പ്രിയങ്ക വയനാട്ടിലെത്തിയിരുന്നു.