ന്യൂദൽഹി- ഇന്ത്യയിലെ ജനങ്ങൾ കാണാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്തോ ഒന്ന് മോഡിയുടെ ഹെലികോപ്റ്ററിലുണ്ടെന്ന് കോൺഗ്രസ്. മോഡിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ജില്ലാ കലക്ടറെ സസ്‌പെന്റ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ്.
തന്റെ ജോലി കൃത്യമായി ചെയ്ത ഒരു ഉദ്യോഗസ്ഥനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെന്റ് ചെയ്തിരിക്കുന്നു. പ്രചാരണത്തിന് ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കരുതെന്ന് നിയമമുണ്ട്. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കുന്നതിന് വിലക്കില്ല. ഇന്ത്യ കാണാൻ ആഗ്രഹിക്കാത്ത എന്താണ് മോഡിയുടെ വിമാനത്തിലുള്ളതെന്നും കോൺഗ്രസ് ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിന് ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ ഒഡീഷയിലെ സമ്പൽപുർ കലക്ടറെ കമ്മീഷൻ സ്‌പെന്റ് ചെയ്്തിരുന്നു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടർ മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്തത്. ഉത്തരവാദിത്വമില്ലായ്മയും കൃത്യവിലോപവും കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്‌പെൻഷൻ. മുന്നറിയിപ്പൊന്നുമില്ലാതെ കലക്ടർ എത്തി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിച്ചുവെന്നാണ് ആരോപണം. ഇതിന്റെ പേരിൽ പ്രധാനമന്ത്രിയുടെ യാത്ര പതിനഞ്ച് മിനിറ്റ് വൈകുകയും ചെയ്തു. എസ്.പി.ജി സുരക്ഷയുള്ളവരുടെ വാഹനങ്ങൾ പരിശോധിക്കാൻ പാടില്ലെന്ന് നിയമമുണ്ടെന്നും അത് ലംഘിച്ചുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.അതേസമയം, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുടെ വാഹനങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധനക്ക് വിധേയമാക്കിയിരിക്കുന്നു.