Sorry, you need to enable JavaScript to visit this website.

അധിക്ഷേപ പ്രസംഗം;ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

കൊച്ചി- മുസ്‌ലിം സമുദായത്തിന് എതിരെ വർഗീയ പരാമർശം നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ളക്കെതിരെ കേസെടുത്തു. 154, 153 എ എന്നീ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ കേസാണ് എടുത്തത്. സി.പി.എം നേതാവ് വി. ശിവൻകുട്ടിയുടെ പരാതിയിലാണ് കേസ്. ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രകടനപത്രിക ചടങ്ങിൽ ബാലാക്കോട്ടിലെ സൈനിക നടപടിയെ പറ്റി പറയുന്നതിനിടെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദപരാമർശം. 
കേസിനെ പേടിയില്ലെന്നും മുസ്‌ലിംകളെ അധിക്ഷേപിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. ബാലാക്കോട്ടിലെ ഭീകരരെ പറ്റിയാണ് പറഞ്ഞത്. പ്രസംഗിക്കാൻ പേടിയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.  
ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകൾ ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിയമലംഘനം നടത്തിയതിന് ശ്രീധരൻ പിള്ളക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ഇത് രേഖപ്പെടുത്തിയ ഹൈക്കോടതി, ശ്രീധരൻ പിള്ളക്കെതിരെ നടപടിയാവശ്യപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ചീഫ് ഇലക്ടറൽ ഏജന്റായ വി.ശിവൻകുട്ടി നൽകിയ ഹർജി തീർപ്പാക്കുകയും ചെയ്തു. ഇതനുസരിച്ചാണ് ഇന്ന് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 123(3എ), 125 വകുപ്പുകൾ ശ്രീധരൻ പിള്ള ലംഘിച്ചുവെന്നും ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രന് വേണ്ടി നടത്തിയ പ്രചാരണ പരിപാടിക്ക് അനുമതിയുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിനിന് എഴുതിയ കത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ ഹാജരാക്കി. 
തെരഞ്ഞെടുപ്പ് കാലത്ത് മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തിൽ ജനവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന 125ാം വകുപ്പ് കുറ്റക്കാരൻ മൂന്നുവർഷം വരെ തടവ് ശിക്ഷയും പിഴയുമാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ഥാനാർഥിയോ അയാളുടെ ഏജന്റോ മതം, വംശം, ജാതി, സമുദായം, ഭാഷ, എന്നിവയുടെ അടിസ്ഥാനത്തിൽ ജനവിഭാഗങ്ങൾ തമ്മിൽ വിദ്വേഷമുണ്ടാക്കാൻ ശ്രമിക്കുന്നതിനെ തിരഞ്ഞെടുപ്പ് അഴിമതിയായാണ് 123(3എ) വകുപ്പ് കാണുന്നത്. ഇവയാണ് ശ്രീധരൻ പിള്ള ലംഘിച്ചിരിക്കുന്നത്. 
മാതൃകാ പെരുമാറ്റം ചട്ടം ലംഘിച്ച ശ്രീധരൻ പിള്ളക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് വി ശിവൻകുട്ടിക്കു വേണ്ടി ഹാജരായ അഡ്വ. തോമസ് എബ്രഹാം വാദിച്ചു. നിയമപരമായ ഉത്തരവാദിത്തത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത്. സുപ്രിംകോടതിയുടെ താക്കീത് ലഭിച്ചപ്പോൾ മാത്രമാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുത്തത്. കുറ്റക്കാരായ ചിലരെ പ്രചാരണത്തിൽനിന്ന് വിലക്കുകയുണ്ടായി. അതിനാൽ, മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് ശ്രീധരൻ പിള്ളക്കെതിരെ നടപടിയെടുക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്കും ചീഫ് ഇലക്ടറൽ ഓഫീസർക്കും നിർദേശം നൽകണം, വിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസിൽ പരാതി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണം, താൻ നൽകിയ പരാതിയിൽവാദം കേട്ട് തീർപ്പ് കൽപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണം എന്നീ ആവശ്യങ്ങളാണ് വി. ശിവൻകുട്ടി ഉന്നയിച്ചത്. ശ്രീധരൻ പിള്ള നിയമം ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പു നൽകിയതോടെയാണ് ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്. 


 

Latest News