ന്യുദല്‍ഹി- കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ അടിയന്തിരമായി ആരും സഹായിക്കാന്‍ മുന്നോട്ടു വരാത്ത പശ്ചാത്തലത്തില്‍ ബുധനാഴ്ച രാത്രിയോടെ എല്ലാ സര്‍വീസുകളും പൂര്‍ണമായും നിര്‍ത്തുമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ഫണ്ട് വേണമെന്ന് ജെറ്റ് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം തയാറായില്ല. 400 കോടിയാണ് ആവശ്യപ്പെട്ടിരുന്നത്. 8000 കോടിയിലേറെയാണ് നിലവില്‍ ജെറ്റിന്റെ കടബാധ്യത. പൈലറ്റുമാരുള്‍പ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം, വിമാന പാട്ടത്തിനു നല്‍കിയവര്‍ക്കുള്ള തിരിച്ചടവ്, വായ്പാ തിരിച്ചടവ്, ഇന്ധന കമ്പനികള്‍ക്കുള്ള പണം അടക്കം വന്‍ ബാധ്യതയാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്.
ഇപ്പോള്‍ ഫണ്ട് നല്‍കി ഏതാനും ദിവസത്തേക്കു കൂടി സര്‍വീസുകള്‍ തുടര്‍ന്ന് വീണ്ടും പ്രതിസന്ധിയില്‍ ആയേക്കാവുന്ന നിലവിലെ സാഹചര്യത്തില്‍ ഫണ്ട് നല്‍കാനാവില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
ഏപ്രില്‍ 18 വരെ അന്താരാഷ്ട്ര സര്‍വീസുകള്‍ ജെറ്റ് നേരത്തെ നിര്‍ത്തിവച്ചിരുന്നു. പാട്ടത്തിനെടുത്ത വിമാനങ്ങള്‍ ഒന്നൊന്നായി പാട്ട കമ്പനികള്‍ തിരിച്ചെടുത്തതോടെ ബുധനാഴ്ച ആയപ്പോഴേക്കും വെറും അഞ്ചു വിമാനങ്ങള്‍ മാത്രമാണ് കമ്പനിയുടെ പക്കല്‍ ബാക്കിയായത്. അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ കമ്പനിയുടെ ഭാവി സംബന്ധിച്ച് ഒരുറപ്പുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.