പട്‌ന-കാലിത്തീറ്റ അഴിമതിക്കേസില്‍ രക്ഷപ്പെടുത്തിയാല്‍ ബിഹാറില്‍ മഹാസഖ്യ സര്‍ക്കാരിനു പകരം ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലേറാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സമീപിച്ചിരുന്നുവെന്ന് ബി.ജെ.പി ആരോപണം.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
മുന്‍ കേന്ദ്ര ഗുപ്ത പ്രേം ചന്ദ് ഗുപ്തയാണ് ദൂതനായി ജെയ്റ്റ്‌ലിയെ കണ്ടതെന്നും ഗുപ്ത ജയിലില്‍ ലാലുവിനെ കണ്ടിരുന്നുവെന്നും സുശീല്‍ മോഡി പറഞ്ഞു.
ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ വിഷം വമിപ്പിക്കുന്ന ലാലു തനിക്ക് ആവശ്യം നേരിടുമ്പോള്‍ ഞങ്ങളുടെ സഹായം അഭ്യര്‍ഥിക്കാന്‍ ഒരിക്കലും മടിച്ചിരുന്നില്ല. സി.ബി.ഐ സ്വതന്ത്ര ഏജന്‍സിയാണെന്നും സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാറില്ലെന്നുമാണ് ജെയ്റ്റ്‌ലി മറുപടി നല്‍കിയതെന്ന് ബി.ജെ.പി നേതാവ് വിശദീകരിച്ചു.
സുശീല്‍ കുമാര്‍ മോഡിയുടെ ആരോപണം ലാലുപ്രസാദിന്റെ മകനും ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് തള്ളി. പച്ചക്കള്ളമാണിതെന്നും കാവിപ്പടക്കെതിരെ എന്നും പൊരുതിയ ലാലുവിനെ താറടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയമാണ് സുശീല്‍ മോഡിയുടെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നത്. എല്‍.കെ. അദ്വാനിയുടെ അയോധ്യ രഥയാത്ര തടഞ്ഞതും അവരുടെ വര്‍ഗീയ അജണ്ടക്കെതിരെ പൊരുതിയതും ലാലുവാണെന്ന് രാജ്യത്തിന് ഒന്നടങ്കം അറിയാവുന്നതാണ്-തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി തൂത്തൂവാരിയ ശേഷം നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലുവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും മഹാസഖ്യം രൂപീകരിച്ച് 2015 ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം കൊയ്തിരുന്നു. 2017 ല്‍ നിതീഷ് കുമാര്‍ ബി.ജെ.പി ക്യാമ്പിലേക്ക് മടങ്ങുന്നതുവരെ സഖ്യം ബിഹാറില്‍ അധികാരത്തില്‍ തുടര്‍ന്നു. ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവ് അഴിമതി നടത്തുന്നുവെന്ന് ആരോപിച്ചാണ് നിതീഷ് കാവി സഖ്യത്തിലേക്ക് മടങ്ങിയത്.