Sorry, you need to enable JavaScript to visit this website.

മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍; ഭോപാലില്‍ മത്സരിക്കും

ഭോപാല്‍- മഹാരാഷ്ട്രയിലെ മാലേഗാവില്‍ മുസ്ലിംകളെ ഉന്നമിട്ട് ഹിന്ദുത്വ തീവ്രവാദികള്‍ 2008ല്‍ നടത്തിയ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും അനായാസം ജയിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ദിഗ് വിജയ സിങിനെതിരെ ഭോപാലില്‍ ആയിരിക്കും ഇവര്‍ മത്സരിക്കുക എന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. താന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും ഇനി തെരഞ്ഞെടുപ്പില്‍ ജയിക്കുക എന്നത് പ്രയാസമുള്ള കാര്യമല്ലെന്നും പ്രജ്ഞ ഭോപാലിലെ ബിജെപി ഓഫീസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രജ്ഞയ്ക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും അവരുടെ വിജയം ഉറപ്പാക്കുമെന്നും ഭോപാല്‍ സിറ്റിങ് എംപി അലോക് സന്‍ജാര്‍ പറഞ്ഞു. അവര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. ഇനി അവര്‍ക്ക് പ്രതികാരത്തിനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വ ഭീകര ആദ്യമായി പുറത്തു കൊണ്ടു വന്ന സ്‌ഫോടനക്കേസില്‍ തീവ്രഹിന്ദുത്വ സംഘടനാ നേതാവായ ലഫ്. കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനൊപ്പം പ്രതി ചേര്‍ക്കപ്പെട്ടയാളാണ് കാവി വസ്ത്രധാരിയും സാധ്വിയുമായി വിശേഷിപ്പിക്കപ്പെടുന്ന പ്രജ്ഞ. 2008 സെപ്തംബര്‍ 29-നാണ് മാലേഗാവില്‍ മുസ്ലിം പള്ളിക്കു സമീപം മോട്ടോര്‍ സൈക്കിളില്‍ ബോംബ് ഘടിപ്പിച്ച് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രജ്ഞയും കേണല്‍ പുരോഹിതും.

വര്‍ഗീയ പ്രസംഗങ്ങള്‍ക്കൊണ്ടും സംഘപരിവാര്‍ ബന്ധം കൊണ്ടു വിവാദ കഥാപാത്രമാണ് പ്രജ്ഞ. വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുര്‍ഗാ വാഹിനി, ബിജെപിയുടെ എബിവിപി എന്നീ  തീവ്ര ഹിന്ദുത്വ സംഘടനകളിലും ഇവര്‍ സജീവമായിരുന്നു.

Latest News