ഗുജറാത്തിനെ ഇളക്കി മറിച്ച പട്ടേൽ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹാർദിക് പട്ടേൽ അദ്ദേഹത്തിന്റെ സംഘടന പിരിച്ചുവിടുന്നു. സംവരണം ആവശ്യപ്പെട്ട് സമരം നടത്തിയവർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചാൽ സംഘടന പിരിച്ചുവിടുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഗുജറാത്തിലെ വിവിധ ജാതി ഗ്രൂപ്പുകളെ ചേർത്ത് നിർത്തിയുള്ള തിരിച്ചുവരവ് ശ്രമങ്ങൾക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.
2015ലാണ് ഹാർദിക്ക് പട്ടേൽ പട്ടീദാർ അനാമത് ആന്ദോളൻ സമിതി രൂപീകരിച്ചത്. പൊതുവിൽ ബി.ജെ.പിക്ക് അനുകൂലമായ സമീപനം എടുത്തിരുന്ന പട്ടേൽ സമൂഹം സാമ്പത്തിക സാമൂഹ്യ മേഖലയിൽനിന്ന് പുറംതള്ളപ്പെടുന്നുവെന്ന് ആരോപിച്ച് നടത്തിയ സമരം ഗുജറാത്തിനെ പിടിച്ചുലച്ചിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ചെറിയ തോതിൽ നേട്ടമുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു.
സംഘടന രൂപീകരിച്ചത് തന്നെ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടായിരുന്നു. ഇക്കാര്യത്തിൽ ലക്ഷ്യം നേടിയതിനാൽ ഇനി സംഘടനയുടെ ആവശ്യമില്ലെന്ന് ഹാർദിക്ക് പട്ടേൽ വ്യക്തമാക്കി. ലാൽജി പട്ടേലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സർദാർ പട്ടേൽ ഗ്രൂപ്പാണ് 2015ൽ ആദ്യം സംവരണ സമരം ആരംഭിച്ചത്. ഈ സംഘടനയുടെ ഭാഗമായിരുന്നു ഹാർദിക്ക് പട്ടേൽ. പിന്നീട് ആ സംഘടനയിൽനിന്ന് പിളർന്നാണ് പുതിയ സംഘടന രൂപീകരിച്ച് ഗുജറാത്തിൽ വൻ പ്രക്ഷോഭം അഴിച്ചുവിട്ടത്. പട്ടേലടക്കം, ബി.ജെ.പിയുമായി അകൽച്ചയിലായിരുന്ന സാമൂഹ്യ വിഭാഗങ്ങളുടെ സഹായത്തോടെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബി.ജെ.പിക്കെതിരെ പൊരുതി നിന്നത്. താക്കൂർ വിഭാഗത്തിന്റെ നേതാവായ അൽപേഷ് താക്കൂറിനെയും ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെയും ഹാർദിക്ക് പട്ടേലിനെയും കൂടെ കൂട്ടാൻ കോൺഗ്രസിന് കഴിഞ്ഞു. അൽപേഷ് താക്കൂർ കോൺഗ്രസിൽ ചേർന്നപ്പോൾ, ജിഗ്‌നേഷ് മേവാനിയെ സ്വന്തം സീറ്റിൽ മൽസരിപ്പിച്ച് ജയിപ്പിക്കാനും കോൺഗ്രസിന് കഴിഞ്ഞു.
80കൾ വരെ തങ്ങൾ ഫലപ്രദമായി ഗുജറാത്തിൽ നടത്തിവന്ന സാമൂഹ്യ എൻജിനിയറിംഗ് മറ്റൊരു രീതിയിൽ പുനരാവിഷ്‌ക്കരിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തി നോക്കിയത്. 1980 കളിൽ ഇതിന്റെ ഫലമായി വൻ നേട്ടമാണ് കോൺഗ്രസിനുണ്ടായത്. ക്ഷത്രിയ, ഹരിജൻ, ആദിവാസി, മുസ്‌ലിം വിഭാഗങ്ങളെ ചേർത്തുനിർത്തിയുള്ള പരീക്ഷണം ഖാം എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. 1974 മുതലായിരുന്നു ഈ പരീക്ഷണം ഗുജറാത്തിൽ നടത്തിയത്. 1985 ൽ ഇതിന്റെ ഫലമായി 182 അംഗ സഭയിൽ 142 സീറ്റുകൾ വരെ ലഭിച്ചു. എന്നാൽ പിന്നീട് പട്ടേൽ സമുദായം കോൺഗ്രസിൽനിന്ന് അകലുകയും ക്രമേണ ഈ സോഷ്യൽ എൻജിനിയറിംഗിൽ വിള്ളൽ വീഴുകയും ബി.ജെ.പി സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.
ആറ് കോടി ജനസംഖ്യയുള്ള ഗുജറാത്തിൽ 1.5 കോടിയോളമാണ് പട്ടേൽ വിഭാഗത്തിൽപെട്ടവർ. 70ഓളം നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാൻ ഇവർക്ക് കഴിയുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ഇതുപോലൊരു സാമൂഹ്യ പരീക്ഷണത്തിനാണ് കോൺഗ്രസ് ലക്ഷ്യമിട്ടത്. താക്കൂർ വിഭാഗത്തെയും പട്ടേൽ വിഭാഗത്തെയും പട്ടേൽ സമുദായത്തെയും ദളിത് വിഭാഗങ്ങളെയും കൂടെ നിർത്താൻ ഒരു പരിധിവരെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സാധിക്കുകയും ചെയ്തു.
എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ശ്രമം പാതിവഴിയിൽ പരാജയപ്പെടുന്നതിന്റെ സൂചനകളാണ് ഗുജറാത്തിൽനിന്ന് വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ ചേർന്ന് എം.എൽ.എയായ അൽപേഷ് താക്കൂർ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടു. ബി.ജെ.പിയിൽ ചേരില്ലെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ നിലപാടുകൾ ബി.ജെ.പിയെ സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. താക്കൂർ സേനാ സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്നാണ് അൽപേഷ് പറയുന്നത്. പാതൻ, ബനസർകാത, സബർകാന്ത മണ്ഡലങ്ങളിൽ അൽപേഷിന്റെ നിലപാട് മാറ്റം കോൺഗ്രസിനെ തിരിച്ചടിയാകുമെന്നാണ് സൂചന. താക്കൂർ വിഭാഗങ്ങളെ കോൺഗ്രസ് വഞ്ചിച്ചുവെന്നും പാർട്ടി ടിക്കറ്റ് നൽകുന്നതിൽ പരിഗണന കാണിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 40 ശതമാനത്തോളം വരുന്ന ഒ.ബി.സി വിഭാഗത്തിന്റെ നേതാവായാണ് അൽപേഷിനെ കണക്കാക്കുന്നത്. അദ്ദേഹം പാർട്ടി വിട്ടുപോയതും കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് സൂചന.
ഈ പാശ്ചാത്തലത്തിലാണ് സംഘടന പിരിച്ചുവിടാനുള്ള ഹാർദിക് പട്ടേലിന്റെ തീരുമാനവും കോൺഗ്രസിന്റെ പദ്ധതികൾ താളം തെറ്റുമോ എന്ന് സംശയമുണ്ടാക്കുന്നത്. സംഘടനയിലെ പലരും ഇതിനകം തന്നെ ബി.ജെ.പിയിൽ ചേർന്നത് പട്ടേൽ സമുദായത്തിനെ വോട്ടുബാങ്കായി മാറ്റാനുള്ള കോൺഗ്രസിന്റെ നീക്കത്തിനേറ്റ തിരിച്ചടിയും കൂടിയാണ്.
ഹാർദിക്കിനും അൽപേഷ് താക്കൂറിനുമൊപ്പം കോൺഗ്രസ് പ്രതീക്ഷകൾ നെയ്ത ജിഗ്‌നേഷ് മേവാനിയെക്കുറിച്ചും സംസ്ഥാന പാർട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. കോൺഗ്രസിന്റെ ഉറച്ച സീറ്റിൽ നിർത്തിയാണ് കഴിഞ്ഞ തവണ മേവാനിയെ കോൺഗ്രസ് വിജയിപ്പിച്ചത്. ദളിത് വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള നീക്കംകൂടിയായിരുന്നു ഇത്. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മേവാനി കാര്യമായി പ്രവർത്തിക്കുന്നില്ലെന്നും കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഇത് പാർട്ടിക്കുള്ളിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ഹാർദിക്ക് പട്ടേൽ കോൺഗ്രസിൽ ചേർന്നതിലൂടെ ഒരുപരിധി വരെ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന വിശ്വാസമാണ് ഒരു വിഭാഗം പാർട്ടി നേതാക്കൾക്കുള്ളത്. 50 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യാനാണ് കോൺഗ്രസ് ഈ 25 വയസുകാരനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക ഹെലികോപ്റ്ററും അനുവദിച്ചു. പട്ടീദാർ കാർഷിക മേഖലകളിൽ ഹാർദിക്കിന് നേട്ടമുണ്ടാക്കാൻ കഴിയും എന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ 26 സീറ്റും ലഭിച്ചത് ബി.ജെ.പിക്കാണ്. എന്നാൽ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്. 182 സീറ്റുളള ഗുജറാത്ത് നിയമസഭയിൽ 77 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. സീറ്റുകൾ കുത്തനെ ഇടിഞ്ഞെങ്കിലും 99 സീറ്റോടെ ബി.ജെ.പി അധികാരം നിലനിർത്തി.