റിയാദ് - മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ആഡംബരപൂർണമായ സിനിമാ തിയേറ്റർ റിയാദ് കിംഗ്ഡം ടവറിൽ പ്രവർത്തനം തുടങ്ങി. കിംഗ്ഡം ഹോൾഡിംഗ് ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ ഉദ്ഘാടനം ചെയ്തു.
കിംഗ്ഡം ടവറിലെ വോക്സ് സിനിമാസ് മൾട്ടിപ്ലക്സിൽ എട്ടു സ്ക്രീനുകളാണുള്ളത്. തിയേറ്ററുകൾക്കകത്ത് ഭക്ഷണം ഓർഡർ ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാജിദ് അൽഫുതൈം കമ്പനിക്കു കീഴിലെ മാജിദ് അൽഫുതൈം സിനിമ ആണ് റിയാദിലെ നാലാമത്തെയും സൗദിയിലെ അഞ്ചാമത്തെയും വോക്സ് സിനിമാ തിയേറ്റർ കിംഗ്ഡം ടവറിൽ തുറന്നിരിക്കുന്നത്.
വി.ഐ.പി സേവനമാണ് കിംഗ്ഡം ടവർ തിയേറ്ററിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. പൂർണമായും നിവർത്തിയിടുന്നതിന് സാധിക്കുന്ന തുകൽ സീറ്റുകളിലെ ബട്ടൻ അമർത്തിയാൽ വെയ്റ്ററുടെ സേവനം ലഭിക്കും. അടുക്കള നേരിട്ട് കാണുന്ന വി.ഐ.പി ലോഞ്ചിൽ വിശ്രമിക്കുന്നതിനും 24 കാരറ്റ് സ്വർണം പൂശിയ ചോക്കലേറ്റ് വിഭവം അടക്കം ഏറ്റവും മുന്തിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽനിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നതിനും സാധിക്കും. റിയാദിലും ജിദ്ദയിലും പ്രവർത്തിക്കുന്ന അഞ്ചു വോക്സ് സിനിമാസ് മൾട്ടിപ്ലക്സുകളിൽ ആകെ 47 സ്ക്രീനുകളാണുള്ളത്.