ന്യുദല്‍ഹി- പിതൃത്വം തെളിയിക്കാന്‍ സ്വന്തം പിതാവ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി തിവാരിയുമായി നീണ്ട നിയമ പോരാട്ടം നടത്തി ശ്രദ്ധേയനായ രോഹിത് ശേഖറിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.41-ന് എമര്‍ജന്‍സി വിളി ലഭിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സ് അയച്ചാണ് ശേഖറിനെ ആശുപത്രിയിലെത്തിച്ചതെന്ന് സാകേതിലെ മാക്‌സ് ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിച്ചിരുന്നുവെന്നും ആശുപത്രി അറിയിച്ചു. ദല്‍ഹിയില്‍ ഡിഫന്‍സ് കോളനിയിലെ വീട്ടിലാണ് അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം 35-കാരനായ രോഹിത് ശേകര്‍ താമസിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാനാകൂ.
തിവാരി തന്റെ പിതാവാണെന്ന് സ്ഥാപിക്കാന്‍ ശേഖര്‍ വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടം നടത്തിയതിനെ തുടര്‍ന്ന് തിവാരിക്ക് ഒടുവില്‍ പിതൃത്വം സമ്മതിക്കേണ്ടി വന്നിരുന്നു. 2007-ലാണ് തിവാരി തന്റെ പിതാവാണെന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് ശേഖര്‍ ദല്‍ഹി ഹൈക്കോടതിയില്‍ നിയമ പോരാട്ടത്തിന് തുടക്കമിട്ടത്. തിവാരിയുടെ ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശേഖര്‍ തന്റെ മകനല്ലെന്ന് പറഞ്ഞ തിവാരി പരിശോധനയ്ക്ക് നിരവധി തവണ വിസമ്മതിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് 2013ല്‍ തിവാരി ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനായി. എന്നാല്‍ ഈ പരിശോധനാ ഫലം പരസ്യമാക്കരുതെന്ന് തിവാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ 2014-ലാണ് രോഹിത് ശേഖര്‍ തന്റെ മകനാണെന്ന് തിവാരി പരസ്യമായി സമ്മതിച്ചത്. 2018 ഒക്ടോബറിലാണ് എന്‍ ഡി തിവാരി അന്തരിച്ചത്.