ന്യൂദല്‍ഹി- പണാധിപത്യ ഭീഷണിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ അപേക്ഷ അംഗീകരിച്ച് തമിഴ്‌നാട്ടിലെ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് രാഷ്ട്രപതി റാംനാഥ് കോവിന്ദ് റദ്ദാക്കി. തമിഴ്‌നാട്ടിലെ മറ്റു മണ്ഡലങ്ങള്‍ക്കൊപ്പം വ്യാഴാഴ്ചയാണ് വെല്ലൂരിലും വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. രണ്ടാഴ്ച്ചയ്ക്കിടെ ഡിഎംകെ നേതാക്കളില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തത്.
മുതിര്‍ന്ന ഡിഎംകെ നേതാവും പാര്‍ട്ടി ട്രഷററുമായ ദുരൈമുരുകന്റെ മകനും വെല്ലൂരിലെ സ്ഥാനാര്‍ത്ഥിയുമായി കതിര്‍ ആനന്ദിന്റെ വീട്ടില്‍ നിന്ന് മാര്‍ച്ച് 29-ന് പണം പിടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദുരൈമുരുകന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കോളെജില്‍ നിന്ന് അനധികൃത പണം വെല്ലൂരിലെ ഒരു സിമന്റ് ഗോഡൗണിലേക്ക് മാറ്റിയെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ 11.53 കോടി രൂപ പിടിച്ചെടുത്തിരുന്നു. സ്ഥാനാര്‍ത്ഥിയായ കതിര്‍ ആനന്ദിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 19 ലക്ഷ രൂപയില്‍ 10.50 ലക്ഷം രൂപയ്ക്ക് രേഖകളുണ്ടായിരുന്നില്ല. റെയ്ഡുകളെ തുടര്‍ന്ന് ഏപ്രില്‍ 10 കതിര്‍ ആനന്ദിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു.