ഒരു ഘട്ടത്തിൽ ഇന്ത്യയ്ക്ക് വെളിയിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുണ്ടായിരുന്ന ജിദ്ദ നഗരത്തിൽ നിന്നിറങ്ങുന്ന അവധിയില്ലാത്ത ഈ പത്രമില്ലാതെ പ്രവാസിയുടെ പ്രഭാതം ആരംഭിക്കാനാവില്ലെന്ന നിലയിലായത് ഇതിന്റെ വൻ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയുൾപ്പെടെ മൂന്നാംലോക രാജ്യങ്ങളിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുമ്പോൾ മാതൃകയാക്കിയത് ബി.ബി.സിയെയും വോയ്‌സ് ഓഫ് അമേരിക്കയെയുമായിരുന്നു. വാർത്തകളും വാർത്താധിഷ്ഠിത പരിപാടികളും വിനോദവും പൂർവികരൊരുക്കിയ ചട്ടക്കൂടിനനുസൃതമായി ചിട്ടപ്പെടുത്തുകയായിരുന്നു. റേഡിയോ പ്രക്ഷേപണം ദൃശ്യമാധ്യമങ്ങൾക്ക് വഴിമാറിയപ്പോഴും ഇത് ആവർത്തിച്ചു.
അറബ് ലോകത്ത് ആരംഭിച്ച ഉപഗ്രഹ വാർത്താ ചാനലുകൾ പിൻപറ്റിയത് ബിബിസിയുടെയും സിഎൻഎന്നിന്റേയും ഫോർമാറ്റായിരുന്നു. മിനി സ്‌ക്രീനിൽ ന്യൂസ് ബുള്ളറ്റിനുകളുടെ അവതരണരീതിയും റീഡർമാരുടെ ശൈലിയും ബിബിസി വാർത്താ ബുള്ളറ്റിനുകളുടെ തനിപകർപ്പാണെന്ന് ആരും സമ്മതിക്കും.
ലോക പത്രപ്രവർത്തന ചരിത്രത്തിൽ ഈ ട്രെൻഡിൽ പുതുമയൊന്നുമില്ല. വികസിത രാഷ്ട്രങ്ങളിലെ രീതി അനുകരിച്ച് സ്വന്തമായി അവതരിപ്പിക്കുന്നതിൽ ആരും അപാകതയൊന്നും കാണുന്നില്ല.
എന്നാൽ മലയാള പത്രപ്രവർത്തന ചരിത്രത്തിൽ നാഴികക്കല്ലായ വിദേശ മലയാളികളുടെ സമ്പൂർണ പത്രമായ 'മലയാളം ന്യൂസി'ന്റെ പിറവിയിൽ ട്രെൻഡ് സെറ്ററായി പ്രസിദ്ധീകരണമൊന്നുമുണ്ടായിരുന്നില്ല. പേനയും കടലാസുമില്ലാത്ത, ഓൺ ലൈൻ എഡിറ്റിംഗിന്റെ നവലോകത്തേക്ക് തനിച്ചുള്ള കാൽവെപ്പ്.
ഈ പത്രത്തിന്റെ ഓരോ നഗരത്തിലെയും റിപ്പോർട്ടർമാർ അവതരിപ്പിക്കുന്ന കാര്യങ്ങളിലെല്ലാം പുതുമയുണ്ട്. പേജുകളുടെ ഘടനയിലും രൂപത്തിലും വ്യതിരിക്തത നിലനിർത്തുന്നു.
മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക മുതലുള്ള പത്രങ്ങളുടേതു പോലുള്ള വായനാ സമൂഹത്തെയല്ല ഇരുപത് വർഷം മുമ്പ് ആരംഭിച്ച ഈ പത്രം ലക്ഷ്യമിട്ടത്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ഉപജീവനാർഥം ആറ് ജി.സി.സി രാജ്യങ്ങളിൽ കഴിയുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായിട്ടാണ് ഈ പത്രം പിറവിയെടുത്തത്.
കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക വിഷയങ്ങളിൽ ഈ പത്രത്തിന് ആരോടെങ്കിലും വിധേയത്വമോ, വിദ്വേഷമോ ഇല്ല. താൽപര്യങ്ങളൊന്നുമില്ലാത്ത ഒരു ദിനപത്രത്തിൽ ജോലി ചെയ്യുന്നതിന്റെ പ്രത്യേക സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ് മലയാളം ന്യൂസിന്റെ പിന്നണിയിലുള്ളവരെല്ലാം.
ഇത്തരമൊരു സംരംഭത്തിന് വിദേശ മലയാളികൾ കടപ്പെട്ടിരിക്കുന്നത് ഗൾഫിൽ മലയാള ഭാഷയിൽ പത്രമെന്ന ആശയത്തിന്റെ ഉപജ്ഞാതാവായ മധ്യപൗരസ്ത്യ ദേശത്തെ പത്രാധിപ പ്രതിഭയായ മലയാളം ന്യൂസ് എഡിറ്റർ ഇൻ ചീഫ് ഫാറൂഖ് ലുഖ്മാനോടാണ്.
ഫാറൂഖ് ലുഖ്മാന് വിദൂര യാത്രകൾ ഇഷ്ടവിനോദമാണ്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ റോഡുകൾ പോലും കൈവെള്ളയിലെ രേഖകൾ പോലെ സുപരിചിതം. ഏകദേശം രണ്ടു പതിറ്റാണ്ട് മുമ്പ്, പതിവു സന്ദർശനങ്ങൾക്കിടയിൽ ദുബായിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ നാമ്പിട്ടതാണ് ഇന്ത്യയിലെ ചെറിയ സംസ്ഥാനമായ കേരളത്തിൽ നിന്നുള്ളവർക്ക് ഒരു പത്രമെന്ന ആശയം.
ഏതാനും വർഷം മുമ്പ് ഔദ്യോഗിക ആവശ്യങ്ങൾക്കായി ചെന്ന് തിരികെ പോരുമ്പോൾ അദ്ദേഹം നിരീക്ഷിച്ചു മനസ്സിലാക്കിയ കാര്യമാണ് ദുബായ് നഗരകേന്ദ്രമായ കറാമയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷ മലയാളമാണെന്നത്. ഈ ഭാഷയിൽ ഒരു പത്രം തുടങ്ങുന്നത് വൻ വിജയമാവുമെന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്ന് കാലം തെളിയിച്ചു. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിന് സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് പച്ചക്കൊടി കാട്ടുകയും സൗദി അറേബ്യയിലെ ഭരണാധികാരികൾ വിദേശ ഭാഷാ പത്രം പ്രസിദ്ധീകരിക്കാൻ അംഗീകാരം നൽകുകയും ചെയ്തതോടെയാണ് തികച്ചും പുതുമയാർന്ന പരീക്ഷണമായ മലയാളം ന്യൂസിന്റെ പിറവി.
അച്ചടിമാധ്യമ രംഗത്ത് തുടക്കക്കാരനാവുകയെന്നത് ഫാറൂഖ് ലുഖ്മാന് പാരമ്പര്യമായി ലഭിച്ച ഗുണവിശേഷമാണ്. അദ്ദേഹത്തിന്റെ പിതാവ് മുഹമ്മദലി ലുഖ്മാനാണ് അറബ് ലോകത്തെ തലയെടുപ്പുള്ള ഇംഗ്ലീഷ് പത്രമായ യെമനിലെ ഏദൻ ക്രോണിക്കിളിന്റെ സ്ഥാപക പത്രാധിപർ. ഏദൻ ക്രോണിക്കിളും അവരുടെ അറബി പത്രങ്ങളായ ഫതാതുൽ ജസീറയും അൽ അക്ബാറും അൽ അഫ്കാർ മാസികയുമാണ് ഫാറൂഖ് ലുഖ്മാനിലെ പത്രപ്രവർത്തകന് ആവേശം പകർന്നത്.
തുടർന്ന് യുനൈറ്റഡ് പ്രസ്, അസോഷ്യേറ്റഡ് പ്രസ്, ന്യൂയോർക്ക് ടൈംസ്, ഫൈനാൻഷ്യൽ ടൈംസ്, ന്യൂസ് വീക്ക്, ഡെയ്‌ലി മിറർ എന്നീ പ്രസിദ്ധീകരണങ്ങളിലെ ലേഖകനെന്ന നിലയിൽ ആർജിച്ചെടുത്ത അനുഭവ സമ്പത്തുമായാണ് സൗദി അറേബ്യയിലെ പ്രഥമ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസിന് നേതൃത്വം നൽകുകയും പിന്നീട് മലയാളം ന്യൂസിന്റെ മുഖ്യ പത്രാധിപരാവുകയും ചെയ്തത്. അദ്ദേഹത്തിന്റെ പിൻഗാമിയായ താരിഖ് മിശ്കസും തുടക്കം മുതൽ ഡെപ്യൂട്ടി ചീഫായി പത്രത്തിന്റെ രൂപകൽപനയും ഉള്ളടക്കവും മികച്ചതാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി. പത്രം തുടങ്ങി മാസങ്ങൾക്കകം ഇന്ത്യയിൽ പൊതു തെരഞ്ഞെടുപ്പ്. ഇന്റർനെറ്റും വാട്ട്‌സപ്പും ഫേസ്ബുക്കുമൊന്നുമില്ല.
മലയാളിയുള്ളിടത്ത് നിന്നെല്ലാം ലേറ്റസ്റ്റ് റിസൽട്ട് അന്വേഷിച്ച് ഫോൺ കോളുകളുടെ പ്രവാഹം അർധരാത്രിയും തുടർന്നു. ഇത്രയേറെ വൈബ്രന്റായ ഒരു കമ്യൂണിറ്റിയെ ആദ്യമായി അനുഭവിച്ചറിയുകയാണെന്ന് അക്കാലത്ത് താരിഖ് സാക്ഷ്യപ്പെടുത്തിയതോർക്കുന്നു.
നിരവധി സവിശേഷതകളോടെയാണ് രണ്ട് ദശകങ്ങൾപ്പുറം ഈ പത്രം ന്യൂസ് സ്റ്റാൻഡുകളിലെത്തിയത്. മുഖപ്രസംഗമില്ലാത്ത പത്രം എന്നത് പ്രധാന വ്യത്യസ്തതകളിലൊന്നാണ്.
ഗ്വാട്ടിമാലയിലെ അട്ടിമറി മുതൽ ഉഗാണ്ടയിലെ കലാപം വരെയുള്ള കാര്യങ്ങളിൽ സ്ഥാനത്തും അസ്ഥാനത്തും കയറി അഭിപ്രായം പറയുന്ന രീതി ഈ പത്രത്തിനില്ല. വായനക്കാരിൽ വളരെ ചെറിയ പങ്ക് മാത്രമേ ഗൗരവത്തോടെ എഡിറ്റോറിയലുകൾ വായിക്കുന്നുള്ളൂവെന്ന് കേരളത്തിൽ ഏതാനും വർഷം മുമ്പ് നടത്തിയ സർവേകളിൽ വെളിപ്പെട്ടിരുന്നു.
ഇംഗ്ലീഷിൽ ദ ഹിന്ദു പോലെ ഗൗരവത്തോടെ ഈ പംക്തി കൈകാര്യം ചെയ്യുന്ന പത്രങ്ങൾ വിരളവുമാണ്. അതേസമയം കേരളത്തിലെ പ്രശസ്ത കോളമിസ്റ്റുകൾ മുതൽ പ്രവാസി സാഹിത്യകാരന്മാർ വരെ സമീക്ഷ പേജിൽ മലയാളികളെ ബാധിക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും വിശകലനം നടത്താറുണ്ട്. ഈ പത്രത്തിന്റെ താളുകളിലൂടെ എഴുത്തിന്റെ ലോകത്ത് പിച്ച വെച്ച് തുടങ്ങിയവർ പിൽക്കാലത്ത് മലയാള സാഹിത്യ രംഗത്തെ പ്രതിഭകളായി അംഗീകരിക്കപ്പെട്ടുവെന്ന വസ്തുതയും അഭിമാനകരമാണ്.
പ്രവാസി സമൂഹത്തിന് വഴികാട്ടിയാവുന്ന നിരവധി വാർത്തകൾ പത്രത്തിന്റെ ഗൾഫ് പേജുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രവാസികൾ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കാട്ടുന്ന താൽപര്യത്തിന്റെ സാക്ഷ്യപത്രമാണ് ദിനപത്രത്തിന്റെ ഓരോ ലക്കവും.
കഷ്ടതയനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ പ്രവാസി സമൂഹം മുൻപന്തിയിലുണ്ടെന്നത് അഭിമാനകരമാണ്.
ഒരു ഘട്ടത്തിൽ ഇന്ത്യയ്ക്ക് വെളിയിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുണ്ടായിരുന്ന ജിദ്ദ നഗരത്തിൽ നിന്നിറങ്ങുന്ന അവധിയില്ലാത്ത ഈ പത്രമില്ലാതെ പ്രവാസിയുടെ പ്രഭാതം ആരംഭിക്കാനാവില്ലെന്ന നിലയിലായത് ഇതിന്റെ വൻ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.