കോഴിക്കോട്- മുസ്‌ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിക്കെതിരെ ഇ.കെ സുന്നി വിഭാഗം രംഗത്ത്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ലെന്നും വിശ്വാസസ്വാതന്ത്ര്യത്തിൽ കോടതി ഇടപ്പെടുന്നതിനെ അംഗീകരിക്കുന്നില്ലെന്നും സമസ്ത ജനറൽ സെക്രട്ടറി ആലികുട്ടി മുസ്‌ലിയാർ പറഞ്ഞു. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കൾ പറയുന്നത് കേൾക്കണമെന്നും മുസ്‌ലിം സ്ത്രീകൾ സ്വന്തം വീട്ടിലാണ് പ്രാർത്ഥിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. കേന്ദ്ര സർക്കാർ, വഖഫ് ബോർഡ്, വ്യക്തി നിയമ ബോർഡ് തുടങ്ങിയവർക്കാണ് നോട്ടീസ് അയച്ചത്. 'ഹാജി അലി ദർഗ കേസിലും ശബരിമല കേസിലും സ്ത്രീ പ്രവേശനം എന്തായെന്നും മക്കയിൽ എന്താണ് സാഹചര്യമെന്നും അവിടെ വിലക്കുണ്ടോ എന്നും കോടതി ചോദിച്ചു.
മുസ്‌ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് ഈ ആവശ്യവുമായി കോടതിയിലെത്തിയത്. ജസ്റ്റിസ് എസ്.എ ബോബ്‌ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ശബരിമല സ്ത്രീ പ്രവേശന വിധി ചൂണ്ടിക്കാട്ടിയാണ് മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.