ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചതിന് ബിഎസ്പി നേതാവ് മായാവതിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഏര്‍പ്പെടുത്തിയ രണ്ടു ദിവസത്തെ പ്രചാരണവിലക്ക് നീക്കാനാവില്ലെന്ന് സൂപ്രീം കോടതി. വിലക്ക് ഏകപക്ഷീയമാണെന്നും നീക്കണമെന്നും ആവശ്യപ്പെട്ട് മായവതി സമര്‍പിച്ച ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചു. കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും വിവിധ നേതാക്കളെ പ്രചാരണ രംഗത്തു നിന്ന് വിലക്കുകയും ചെയ്തത് ഉചിതമായ നടപടിയാണെന്നും ഇനി മറ്റൊരു ഉത്തരവ് ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.
ദയുബന്ദില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മുസ്ലിംകളോട് വോട്ട് ഭിന്നിപ്പക്കരുതെന്നും ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ടു ചെയ്യരുതെന്നും മായാവതി പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ശിക്ഷിച്ചത്. വര്‍ഗീയ പ്രസംഗം നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മൂന്ന് ദിവസത്തെ വിലക്കും കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര മന്ത്രി മേനക ഗാന്ധി, എസ് പി നേതാവ് അസം ഖാന്‍ എന്നിവര്‍ക്കെതിരേയും നേരത്തെ കമ്മീഷന്‍ നടപടി എടുത്തിയിരുന്നു.