ന്യൂദല്‍ഹി-തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ കത്തിനെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 120 സീറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളവെന്ന് ചൂണ്ടിക്കാട്ടി എല്‍കെ അദ്വാനിക്ക് അയച്ചതെന്ന പേരിലാണ് വ്യാജ കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കത്ത് വ്യാജമാണെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും മുരളീ മനോഹര്‍ ജോഷി പരാതിയില്‍ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പിന്നിട്ട ശേഷമാണ് മുരളീ മനോഹര്‍ ജോഷിയുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ കത്ത് പ്രചരിച്ചത്. മുരളീ മനോഹര്‍ ജോഷിയുടെ ലെറ്റര്‍ പാഡില്‍ എഎന്‍ഐയുടെ വാട്ടര്‍ മാര്‍ക്കോടുകൂടിയാണ് കത്ത് പ്രചരിച്ചത്. ഇത്തരത്തില്‍ ഒരു കത്ത് പുറത്ത് വിട്ടിട്ടില്ലെന്ന് എഎന്‍ഐയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. 91 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 8 മുതല്‍ 10 വരെ സീറ്റുകള്‍ ലഭിക്കാനെ സാധ്യതയുള്ളുവെന്നും കത്തില്‍ പറയുന്നുണ്ട്. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും തനിക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ടെന്നും എന്നാല്‍ ബിജെപി വിട്ട് പോകാന്‍ മനസില്ലെന്നും കത്തില്‍ പറയുന്നുണ്ട്.