Sorry, you need to enable JavaScript to visit this website.

വോട്ടു നല്‍കുന്നവര്‍ക്ക് മാത്രം ക്ഷേമ പദ്ധതി; വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ലഖ്‌നൗ- ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
ബി.ജെ.പിക്ക് വോട്ടു നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ നാല് വിഭാഗങ്ങളായി തിരിച്ച് വികസന പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുമെന്നാണ് മന്ത്രി പറഞ്ഞത്. ബി.ജെ.പിക്ക് 80 ശതമാനം വോട്ടുകള്‍ തരുന്ന ഗ്രാമങ്ങളെ എ വിഭാഗമായും 60 ശതമാനം വോട്ടു ചെയ്യുന്നവരെ ബി വിഭാഗമായും തിരിക്കും. ബി.ജെ.പിക്ക് ഭൂരിപക്ഷം നല്‍കാത്ത 50 ശതമാനം വോട്ട് നല്‍കുന്ന ഗ്രാമങ്ങള്‍ സി വിഭാഗത്തിലും 30 ശതമാനം മാത്രം വോട്ട് ബി.ജെ.പിക്ക് ലഭിക്കുന്ന ഗ്രാമങ്ങള്‍ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാമങ്ങളില്‍ വികസന പദ്ധതികള്‍ നടപ്പാക്കുകയെന്നും അവര്‍ പറഞ്ഞു. 80 ശതമാനം വികസന പ്രവര്‍ത്തനങ്ങളും എ വിഭാഗത്തില്‍പെടുന്ന ഗ്രാമങ്ങള്‍ക്ക് നല്‍കും. നേരത്തെ മേനക ഗാന്ധി പ്രതിനിധീകരിച്ചിരുന്ന പിലിബിത്തില്‍ ഇത്തരത്തിലാണ് പദ്ധതികള്‍ നടപ്പാക്കിയതെന്നും അവര്‍ അവകാശപ്പെട്ടു.
തനിക്ക് വോട്ടു ചെയ്തില്ലെങ്കില്‍ ഒരു തരത്തിലുള്ള സഹായവും നല്‍കില്ലെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം മുസ്‌ലിം വോട്ടര്‍മാരോട് പറഞ്ഞത് വലിയ വിവാദമായിരുന്നു. മുസ്‌ലിംകള്‍ വോട്ടുചെയ്താലും ഇല്ലെങ്കിലും സുല്‍ത്താന്‍പൂരില്‍ അവര്‍ വിജയിക്കുമെന്നുമായിരുന്നു മേനക ഗാന്ധിയുടെ അവകാശവാദം.

 

Latest News