ടോക്യോ- സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍നിന്ന് ഇന്ധനം നീക്കം ചെയ്യാന്‍ ആരംഭിച്ചു. 2011 ലെ ദുരന്തത്തില്‍ തകര്‍ന്ന മൂന്ന് റിയാക്ടറുകളില്‍ ഒന്നില്‍നിന്നാണ് ഇന്ധനം നീക്കുന്നത്. ദശാബ്ദങ്ങള്‍ നീളുന്ന ഡീ കമ്മീഷന്‍ പ്രക്രിയയുടെ തുടക്കമാണിത്.
ഉപയോഗിച്ചതും അല്ലാത്തതുമായ 566 യൂനിറ്റ് ഇന്ധനമാണ് തൊഴിലാളികള്‍ മാറ്റുന്നതെന്ന് ടോക്യോ ഇലക്ട്രിക് പവര്‍ കമ്പനി പറഞ്ഞു. ദുരന്തമുണ്ടായെങ്കിലും ഇന്ധനയൂനിറ്റുകള്‍ക്ക് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. എന്നാല്‍ യൂനിറ്റുകള്‍ സൂക്ഷിച്ചിരുന്ന പൂളുകള്‍ വലയം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ മറ്റൊരു ഭൂകമ്പമുണ്ടായാല്‍ അപകട സാധ്യതയുണ്ട്.
യൂനിറ്റ് മൂന്നിലെ ഇന്ധനം നീക്കം ചെയ്യാന്‍ രണ്ട് വര്‍ഷം പിടിക്കും. തുടര്‍ന്ന് മറ്റ് രണ്ട് യൂനിറ്റുകളും നീക്കും. മറ്റ് രണ്ട് പൂളുകളിലായി 100 ഇന്ധന യൂനിറ്റുകള്‍ ഉണ്ടെന്ന് കമ്പനി പറഞ്ഞു.