കല്‍പറ്റ: വയനാടിനെ അപഹസിക്കുന്ന പരാമര്‍ശവുമായി തുഷാര്‍ വെള്ളാപ്പള്ളി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് പോലും അറിയാത്ത രീതിയിലാണ് വയനാട്ടിലെ പ്രവര്‍ത്തനമെന്നാണ് ഒരു മലയാളം ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. കേരളത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ല വയനാടാണ്. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് പോലും അറിയാത്ത മട്ടിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍. ഇടതും വലതും ഇത്രയും നാളും മാറി മാറി ജയിച്ചിട്ടും വയനാടിന്റെ അവസ്ഥ വളരെ ദയനീയമായി തുടരുകയാണ്. വെള്ളവും വൈദ്യുതിയും ഇല്ലാത്ത ആദിവാസി ഊരുകള്‍ ഇപ്പോഴും വയനാട്ടില്‍ ഉണ്ട്. ഫണ്ടുകള്‍ എത്തുന്നില്ല നല്ല ആശുപത്രികള്‍ പോലും വയനാട്ടില്‍ ഇല്ല. ആദിവാസികളുടെ ക്ഷേമത്തിന് ആയിരക്കണക്കിന് കോടികള്‍ സര്‍ക്കാറുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഇവിടെ എത്തിയിട്ടില്ലെന്നും തുഷാര്‍ ആരോപിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് തന്നെ പറയുന്നതാണ് റെയില്‍വെ കൊണ്ടുവരുമെന്നുള്ളത്. എന്നാല്‍ അതിന് വേണ്ട യാതൊരു നടപടികളും ആരും എടുത്തിട്ടില്ല. അഞ്ചും എട്ടും മണിക്കൂറുകളുടെ ബ്ലോക്ക് കടന്ന് വേണം ഇവിടെ എത്താന്‍. യാത്രാ പ്രശ്‌നം രൂക്ഷമാണ്-അദ്ദേഹം പറഞ്ഞു.