റഫാല്‍ ഉത്തരവ് തെറ്റായി പരാമര്‍ശിച്ചു; രാഹുല്‍ മറുപടി പറയണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഉത്തരവ് തെറ്റായി പരാര്‍ശിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസയച്ചു. റഫാല്‍ ഇടപാടില്‍ സുപ്രീം കോടതി അഴിമതി കണ്ടെത്തി എന്ന തരത്തിലുള്ള രാഹുലിന്റെ പരാമര്‍ശം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയ്ക്കകം (ഏപ്രില്‍ 23) മറുപടി നല്‍കണമെന്ന് കോടതി രാഹുലിനോട് ആവശ്യപ്പെട്ടു. ബിജെപി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് കോടതി രാഹുലിന്റെ വിശദീകരണം തേടിയത്. കോടതിയുടെ പ്രസ്താവന എന്ന പേരില്‍ രാഹുല്‍ നടത്തിയ പരാമര്‍ശം കോടതിയുടെ പേരില്‍ തെറ്റായാണ് ചാര്‍ത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു നിരീക്ഷണം കോടതി നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. രേഖകളുടെ സ്വീകാര്യയോഗ്യതെ കുറിച്ച് തീരുമാനമെടുക്കുക മാത്രമാണ കോടതി ചെയ്തിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടതായുള്ള പുറത്തായ രേഖകള്‍ തെളിവുകളായി പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. 'ഞാന്‍ സുപ്രീം കോടതിയെ നന്ദി അറിയിക്കുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാജ്യം ഒന്നടങ്കം പറയുന്നു. സുപ്രീം കോടതി നീതിയെ കുറിച്ചു സംസാരിച്ച ഈ ദിവസം ആഘോഷത്തിന്റേതാണ്,' എന്നായിരുന്നു രാഹുല്‍ അമേഠിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. സുപ്രീം കോടതി പറയാത്തത് കോടതിയുടെ പേരില്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഇതിനെതിരെ കോടതിയലക്ഷ്യ പരാതി നല്‍കുകയായിരുന്നു.
 

Latest News