രാംപൂര്‍- നടിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായ ജയപ്രദക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ജയപ്രദയുടെ അടിവസ്ത്രം കാക്കിയാണെന്ന് 17 ദിവസം കൊണ്ട് തിരിച്ചറിഞ്ഞിരുന്നുവെന്ന് അസംഖാന്റെ പ്രസ്താവനയുടെ പേരിലാണ് കേസ്. ആരോപണം നിഷേധിച്ച അസംഖാന്‍ ഇങ്ങനെ പറഞ്ഞതായി
തെളിയിച്ചാല്‍ താന്‍ മത്സര രംഗത്തുനിന്ന് പിന്മാറുമെന്ന് വെല്ലുവളിച്ചിരിക്കയാണ്.
ഞാനാണ് അവരെ രാംപൂരിലേക്ക് കൊണ്ടുവന്നത്. നിങ്ങള്‍ അതിനു സാക്ഷിയാണ്. ആരേയും അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല. അവരുടെ യഥാര്‍ഥ മുഖം തിരിച്ചറിയന്‍ 17 വര്‍ഷം വേണ്ടിവന്നു. പക്ഷേ അവര്‍ കാക്കി അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് 17 ദിവസം കൊണ്ട് തനിക്ക് മനസ്സിലായിരുന്നു- തെരഞ്ഞെടുപ്പ് റാലിയില്‍ അസം ഖാന്‍ നടത്തിയതായി പ്രചരിക്കുന്ന പരാമര്‍ശങ്ങളാണിത്.
താന്‍ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കുറ്റം ചെയ്തുവെന്ന് തെളിയിച്ചാല്‍ മത്സര രംഗത്തുനിന്ന് പിന്മാറുമെന്നും അസം ഖാന്‍ എ.എന്‍.ഐയോട് പറഞ്ഞു.
150 തോക്കുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അസംഖാനെ കണ്ടാല്‍ കൊല്ലുമെന്നും പറഞ്ഞ ഒരാളെ കുറിച്ചാണ് യഥാര്‍ഥ മുഖം തിരിച്ചറിയാന്‍ ആളുകള്‍ സമയമെടുക്കുമെന്ന് താന്‍ പറഞ്ഞത്. എന്റെ നേതാക്കള്‍ക്കും അബദ്ധം പറ്റിയിട്ടുണ്ട്. ആര്‍.എസ്.എസ് പാന്റ്‌സാണ് അയാള്‍ ധരിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ വെളിച്ചത്തുവന്നു- അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.
രാംപൂരിനെ ഒമ്പതു തവണ പ്രതിനിധീകരിച്ച എം.എല്‍.എയും മന്ത്രിയുമാണ് ഞാന്‍. എന്തു പറയണമെന്ന് എനിക്ക് അറിയാം. ഞാന്‍ ആരുടേയെങ്കിലും പേരെടുത്ത് പറയുകയോ പരിഹസിക്കുകയോ ചെയ്തുവെന്ന് തെളിയിച്ചാല്‍ ഞാന്‍ തെരഞ്ഞെടുപ്പല്‍നിന്ന് പിന്മാറും. മാധ്യമങ്ങള്‍ തന്റെ പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് എന്നെ ഇ്ഷടമല്ല. എനിക്ക് അവരേയും. അവര്‍ രാജ്യത്തിന് വലിയ പരിക്കേല്‍പിച്ചിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
രാംപൂരില്‍നിന്ന് 2004 ലും 2009 ലും ലോക്‌സഭയലിക്ക് തെരഞ്ഞെടുക്കപ്പെട്ട ജയപ്രദ, സമാജ് വാദി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം കഴിഞ്ഞ മാസം ബി.ജെ.പിയില്‍ ചേരുകയായിരുന്നു. രാംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ജയപ്രദയുടെ എതിരാളിയാണ് അസം ഖാന്‍.