തൊണ്ണൂറുകളുടെ പാതിയില്‍ ഒരു നാള്‍ കോഴിക്കോട്ടെ ചന്ദ്രിക ദിനപത്രത്തിന്റെ ഒന്നാം താളിലൊരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. ശീര്‍ഷകം ഇങ്ങിനെ: 'കെ.പി കുഞ്ഞിമൂസ വിരമിച്ചു'- വാര്‍ത്ത വായിച്ച പലര്‍ക്കും വിശ്വസിക്കാനായില്ല.
മിക്ക പത്രങ്ങളുടെയും ബ്യൂറോ ഓഫീസുകളില്‍ ടു വീലറില്‍ പറന്നെത്തുന്ന കെ.പി കുഞ്ഞിമൂസ വിരമിക്കാറായോ എന്നതായിരുന്നു അന്ന് ഞങ്ങളുടെ ആശ്ചര്യത്തിന് ആധാരം. പിന്നീടിങ്ങോട്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ കര്‍മ രംഗം നിരീക്ഷിച്ചാല്‍ ഒരു കാര്യം ഉറപ്പിച്ചു പറയാം. പത്രപ്രവര്‍ത്തന രംഗത്തുള്ള പലര്‍ക്കും വിസ്മയമുണര്‍ത്തുന്ന വിധത്തില്‍ സജീവമായത് ഈ കാലയളവിലാണ്.
തലശ്ശേരിയിലാണ് ജനനമെങ്കിലും കോഴിക്കോട് നഗരമാണ് അദ്ദേഹത്തിന്റെ തട്ടകം. കേരളത്തിലെ മിക്ക പത്രം ഓഫീസുകളിലും ചാനല്‍ സ്റ്റുഡിയോകളിലും റേഡിയോ സ്റ്റേഷനുകളിലുമുള്ളവരെ സംബന്ധിച്ചിടത്തോളം അപൂര്‍വ വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍വ വിജ്ഞാനകോശമാണ് അദ്ദേഹം. കൊച്ചിയിലും തിരുവനന്തപുരത്തുമായി ആരംഭിച്ച പുതിയ മലയാളം ടെലിവിഷന്‍ ചാനലുകളെല്ലാം ഉത്തര കേരളത്തിന്റെ സവിശേഷതകളെ കുറിച്ച് റഫറന്‍സിനായി സമീപിച്ചിരുന്നത് ഈ മുതിര്‍ന്ന പത്രക്കാരനെയാണ്. കടലിനിക്കരെ ജിദ്ദയിലെ മലയാളം ന്യൂസ് ഓഫീസില്‍ നിന്നു പോലും പഴയ കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ മൈത്രിയിലെത്തുന്നു. ഇന്റര്‍നെറ്റ് സര്‍ച്ച് എന്‍ജിനുകളായ ഗൂഗിളിലോ, ബിംഗിലോ, മമ്മായിലോ തെരഞ്ഞാല്‍ ലഭിക്കുന്നതല്ല ഇത്തരം കാര്യങ്ങള്‍.
സുവര്‍ണ ജൂബിലി സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് അരങ്ങേറിയപ്പോള്‍ എഴുത്തുകാരുടെ സംഗമത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബില്‍ തലമുറകളുടെ സംഗമം സംഘടിപ്പിക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു.
ചന്ദ്രികയില്‍ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു പ്രസിദ്ധീകരണാലയം സ്ഥാപിച്ചു. കടലാസും പേനയുമില്ലാത്ത ഇ-കാലത്ത് എന്തിനാണ് ഇത്രയും പണം മുടക്കി സാഹസികത എന്ന് ചോദിച്ചവരുണ്ടായിരുന്നു.
കോഴിക്കോട്-വയനാട് റോഡില്‍ വ്യാപാരഭവനിലുള്ള മൈത്രി ബുക്‌സ് എന്ന പ്രസിദ്ധീകരണ ശാലയുടെ തുടക്കം എന്തിനായിരുന്നുവെന്ന് കാലം തെളിയിച്ചു. ബാലന്‍സ് ഷീറ്റോ, അക്കൗണ്ട് ബുക്കോ സൂക്ഷിക്കാനില്ലാത്ത ഈ പുസ്തകശാല പണം കൊയ്യാനുള്ള ഉപാധിയല്ല. സീനിയര്‍ ജേണലിസ്റ്റുകളും ഗ്രന്ഥകര്‍ത്താക്കളും സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഇവിടെ സംഗമിക്കുന്നു. കുഞ്ഞിമൂസയുടെ ഏറ്റവും വിലപ്പെട്ട സമ്പാദ്യമായ വിപുലമായ സുഹൃദ്‌വലയം നിലനിര്‍ത്താനുള്ള കേന്ദ്രമാണിത്.
കെ.പി. കുഞ്ഞിമൂസ ഇതിനകം നിരവധി കൃതികള്‍ രചിച്ചു. ഈത്തപ്പഴത്തിന്റെ നാട്ടിലൂടെ എന്ന യാത്രാവിവരണ ഗ്രന്ഥമാണ് പ്രഥമ കൃതി. ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ചെഴുതിയതാണിത്. 1986-ല്‍ പ്രസിദ്ധീകരിച്ച കല്ലായ് മുതല്‍ ബ്രഹ്മപുത്ര വരെ എന്ന യാത്രാവിവരണ കൃതിയുടെ അവതാരിക എഴുതിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.എം. റോയ് ഗ്രന്ഥകാരന്റെ പ്രത്യേക ശൈലിയെ പരാമര്‍ശിക്കുന്നു. പത്രപ്രവര്‍ത്തകന്‍ എഴുതിയ യാത്രാവിവരണ കൃതിയായതിനാലാണ് പ്രകൃതിഭംഗി വര്‍ണിക്കുന്നതിനൊപ്പം ജീവിത യാഥാര്‍ഥ്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയതെന്നും റോയ് എടുത്തു പറഞ്ഞിട്ടുണ്ട്.
ചിരിക്കാന്‍ മറന്നവരെ ചിരിപ്പിക്കാന്‍ കോഴിക്കോട്ട് യശഃശരീരനായ രാമദാസ് വൈദ്യര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ഹാസ്യവേദിയുടെ മുന്‍ നിര പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന്റെ സ്ഥായിയായ ഭാവവും നര്‍മം തന്നെ. ഇരുചക്ര വാഹനക്കാര്‍ക്ക് പ്രതികരിക്കാന്‍ ടു വീലേഴ്‌സ് അസോസിയേഷനുണ്ടാക്കിയപ്പോഴും മുന്‍പന്തിയില്‍ ഇദ്ദേഹമുണ്ടായിരുന്നു.
അതിരാവിലെ എഴുന്നേറ്റ് ടെലിഫോണില്‍ സൗഹൃദങ്ങള്‍ പുതുക്കി മൈത്രി ബുക്‌സും സന്ദര്‍ശിച്ച് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കടുത്ത ചെമ്മാട് ദാറുല്‍ ഹുദാ കോളേജില്‍ ചെന്ന് പ്രഭാഷണം നടത്തി തിരിച്ച് നഗരത്തിലെത്തി രചനകള്‍ നടത്തി പ്രസരിപ്പ് കൈവിടാതെ കൊയിലാണ്ടിയില്‍ വൈകുന്നേരം പ്രസംഗിക്കാന്‍ ചെന്ന് തിരിച്ചുവന്ന് പത്രസുഹൃത്തുക്കളുമായി ഫോണില്‍ കുശലം പറഞ്ഞ് വീട്ടിലേക്ക്. ഉറങ്ങും മുമ്പ് അടുത്ത ദിവസം കണ്ണൂര്‍ ജില്ലയിലെ മെരുവമ്പായിയില്‍ രാവിലെ പത്തിനുള്ള പ്രസംഗത്തിനുള്ള തയാറെടുപ്പ് തുടങ്ങിയിരിക്കും. രാവിലെ പത്തിന് സംഘാടകര്‍ എത്തിയില്ലെങ്കിലും മൂന്നു മണിക്കൂറിലേറെ യാത്ര ചെയ്ത് പ്രസംഗകന്‍ വേദിയിലെത്തിയിരിക്കും. നര്‍മബോധവും ഹൃദയനിര്‍മലതയും കൃത്യനിഷ്ഠയും വിജയരഹസ്യമാക്കിയ കുഞ്ഞിമൂസയുടെ ജീവിതരീതി ഇതാണ്.
1986-ല്‍ വിംസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലിക്കറ്റ് ടൈംസ് പത്രത്തിന്റെ ഡസ്‌കില്‍ രാവിലെയെത്തി കാലിക്കറ്റ് ഡയറി, തലശ്ശേരി കത്ത് എന്നീ പംക്തികളിലേക്കുള്ള സാഹിത്യം ഏല്‍പിച്ച് പോകുന്ന അതേ ഉത്സാഹത്തോടെ ഇപ്പോഴും നഗരത്തിലെ സാംസ്‌കാരിക രംഗം സജീവമാക്കി കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ ഉറ്റ മിത്രമായ കുഞ്ഞിമൂസ. അസുഖം ബാധിച്ച് കിടപ്പിലായവരെ സന്ദര്‍ശിക്കാന്‍ ജാതി, മത, അവാന്തര വിഭാഗ പരിഗണനകളില്ലാതെ സമയം കണ്ടെത്തുന്നുവെന്നതും ഉത്തമ മാതൃകയാണ്. കാര്യങ്ങള്‍ ഓര്‍ത്തുവെക്കാനുള്ള അത്ഭുതകരമായ കഴിവ്, നിസ്സാരമെന്നു തോന്നാവുന്നതിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കാനുള്ള ത്വര, ഊര്‍ജസ്വലത, സംഘാടക പ്രതിഭ എന്നിവയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഇദ്ദേഹത്തിന് സീനിയറായി മുസ്‌ലിം ലീഗില്‍ ഏറെപ്പേരില്ല. പലരും എം.എല്‍.എമാരും എം.പിമാരും മന്ത്രിമാരുമൊക്കെയായപ്പോഴും അധികാര സ്ഥാനങ്ങള്‍ക്കായി മോഹിക്കാതിരുന്നതിനൊപ്പം തേടിയെത്തിയ അവസരങ്ങള്‍ ഉപേക്ഷിക്കുകയുമായിരുന്നു.
ഇടവിട്ടുള്ള അഞ്ച് വര്‍ഷങ്ങളില്‍ സംസ്ഥാന ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പാര്‍ട്ടിയുടെ പത്രത്തില്‍ സുദീര്‍ഘ കാലം പ്രവര്‍ത്തിച്ചുവെങ്കിലും വ്യക്തിപരമായ നേട്ടത്തിനായി ഇത്തരം ബന്ധങ്ങള്‍ ഉപയോഗിച്ചിട്ടില്ല.
സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആളുകള്‍ ഉത്സാഹിക്കുന്ന ഇക്കാലത്ത്, ചന്ദ്രികയില്‍നിന്ന് പിരിഞ്ഞ ശേഷം പത്രങ്ങളുടെ ചുമതലയേല്‍ക്കാന്‍ ഓഫറുകളുണ്ടായത് അദ്ദേഹം വേണ്ടെന്നു വെക്കുകയായിരുന്നു. സൗദി അറേബ്യയില്‍ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയ മലയാളം ന്യൂസ് ദിനപത്രത്തിന്റെ ചുമതലക്കാരനായി ആദ്യം പരിഗണിക്കപ്പെട്ട പേരുകളിലൊന്നാണ് ഇദ്ദേഹത്തിന്റേത്. മലയാളം ന്യൂസിന്റെ തുടക്കം മുതല്‍ എഡിറ്റോറിയല്‍ പേജില്‍ പതിവായി എഴുതിയ കോളമിസ്റ്റാണ് അദ്ദേഹം. സ്ഥാപക പത്രാധിപര്‍ ഫാറൂഖ് ലുഖ്മാനെ പഴയ ഓഫീസില്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
എഴുതിയ പത്രമാസികകളുടെ എണ്ണത്തിന്റെ കാര്യത്തിലും കുഞ്ഞിമൂസയ്ക്ക് റിക്കാര്‍ഡുണ്ട്. അഞ്ചര പതിറ്റാണ്ടിനിടയില്‍ നൂറില്‍പരം വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ ആയിരക്കണക്കിന് ലേഖനങ്ങള്‍ അച്ചടിച്ചു. ഇതേ കാലയളവില്‍ നിലച്ചുപോയ പ്രസിദ്ധീകരണങ്ങള്‍ നിധിപോലെ സൂക്ഷിച്ചു.
ദേശമിത്രം (കണ്ണൂര്‍), ജയകേരളം (മദിരാശി), മലയാള രാജ്യം, ജനയുഗം (കൊല്ലം), നവപ്രഭ (കണ്ണൂര്‍), ചിന്തകന്‍, പ്രപഞ്ചം, ഭാരതഭൂമി, കലാമാല, പ്രകാശം, ദിനപ്രഭ, കേരള വിദ്യാര്‍ഥി, അല്‍ അമീന്‍, നവയുഗം, നവജീവന്‍, പുരോഗതി (കോഴിക്കോട്) ജനശബ്ദം, ദീപ്തി, നര്‍മദ, ഐക്യം (കൊച്ചി), ഡെമോക്രാറ്റ്, മണപ്പുറം ടൈംസ്, സോഷ്യലിസ്റ്റ് (തൃശൂര്‍), ജനരമ (വടകര) യുവാവ് (കല്‍പറ്റ), യവനിക, സര്‍ക്കസ്, പുതുയുഗം (തലശ്ശേരി), കാസര്‍കോട് വ്യൂ, ഉത്തര ശബ്ദം (കാസര്‍കോട്), മാപ്പിളനാട്, മലപ്പുറം ടൈംസ് (മലപ്പുറം), കേരള ഭൂഷണം, പൗരധ്വനി (കോട്ടയം), സന്ദേശം (ആലപ്പുഴ), വള്ളുവശബ്ദം (പാലക്കാട്)
എന്നിങ്ങനെ വിവിധ ജില്ലകളിലുള്ള ബാലാരിഷ്ടതകള്‍ അതിജീവിക്കാതെ പോയ പ്രസിദ്ധീകരണങ്ങളുടെ താളുകളിലും സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നു.
കോളേജ് വിദ്യാഭ്യാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായി. കോഴിക്കോട് ചന്ദ്രികയില്‍ റിപ്പോര്‍ട്ടറായിട്ടായിരുന്നു തുടക്കം. ഒരു വര്‍ഷത്തിനകം സബ് എഡിറ്റര്‍. തുടര്‍ന്ന് വാരാന്തപ്പതിപ്പിന്റെ പത്രാധിപര്‍. വാരിക എഡിറ്റര്‍ ഇന്‍ ചാര്‍ജ്, ദിനപത്രത്തിന്റെ ഡസ്‌ക് ചീഫ്.
സ്വന്തമായെഴുതിയ ആയിരത്തിലേറെ അനുസ്മരണക്കുറിപ്പുകള്‍ സൂക്ഷിക്കുന്നു. ഇതിനകം നാലായിരത്തിലേറെ അനുസ്മരണക്കുറിപ്പുകള്‍ എഴുതിയിട്ടുണ്ട്. അനുസ്മരണ ലേഖനങ്ങളില്‍ ഇ.എം.എസ്, എ.കെ.ജി തുടങ്ങിയ സി.പി.എം നേതാക്കളുടേതുണ്ട്. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ സതീര്‍ഥ്യനായിരുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത സുഹൃത്താണ്.
നൂറോളം പ്രശസ്ത വ്യക്തികളുടെ കയ്യൊപ്പും മൊഴികളും അടങ്ങിയ ഓട്ടോഗ്രാഫ് കുഞ്ഞിമൂസയുടെ കൈവശമുണ്ട്. രാഷ്ട്രനേതാക്കള്‍, സംഗീത വിദഗ്ധര്‍, സാഹിത്യ നായക•ാര്‍, കവികള്‍, കലാകാര•ാര്‍ തുടങ്ങി ഓട്ടോഗ്രാഫില്‍ ഒപ്പുവെച്ചവരില്‍ മഹാ ഭൂരിപക്ഷവും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
സംഘടനകള്‍ വിട്ടാലും സംഘടന കുഞ്ഞിമൂസയെ വിടാറില്ലെന്നാണ് അനുഭവം. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ദീര്‍ഘ കാലം സംഘടനയുടെ ഉപദേശക സമിതി ചെയര്‍മാനായി ഇരിക്കേണ്ടിവന്നു. യൂത്ത് ലീഗ് സംസ്ഥാന ട്രഷററാക്കി. നാട്ടിലെ ജമാഅത്ത് രക്ഷാധികാരിയാക്കി. കോഴിക്കോട്ടെ കോയമാരുടെ ആസ്ഥാനത്തുള്ള സാംസ്‌കാരിക സ്ഥാപനമായ യുവസാഹിതി സമാജത്തിന്റെ പ്രസിഡന്റായി മൂന്നു വര്‍ഷം തുടര്‍ച്ചയായി ഇരിക്കേണ്ടി വന്നു. പ്രസ്ഥാനത്തിനു പുതിയ കെട്ടിടവും പണിതാണ് സ്ഥാനമൊഴിഞ്ഞത്.
പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ദേശീയ നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് പിരിഞ്ഞപ്പോള്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം സെക്രട്ടറി സ്ഥാനത്തേക്ക് കണ്ടെത്തിയതും ഇദ്ദേഹത്തെയാണ്.
പ്രസ് അക്കാദമി, ജേണലിസ്റ്റ് ഫാക്കല്‍റ്റി, അക്രഡിറ്റേഷന്‍ കമ്മിറ്റി, ആശുപത്രി ഉപദേശക സമിതി, അവാര്‍ഡ് ജഡ്ജിംഗ് കമ്മിറ്റി എന്നീ സമിതികളില്‍ പ്രവര്‍ത്തിച്ചും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകനായ ഇദ്ദേഹം ഏതു വിഷയവും മണിക്കൂറുകളോളം സംസാരിക്കും. പത്രപ്രവര്‍ത്തനത്തെപ്പറ്റി വിശദമായി ക്ലാസെടുക്കാറുണ്ട്.
ഹജ് തീര്‍ഥാടകര്‍ക്ക് വഴികാട്ടിയായി മലയാളത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സമൂഹത്തിന് വേണ്ടി കണ്ണും കാതും തുറന്നിരിക്കുന്ന ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ രചന എന്ന നിലയിലാണ് കെ.പി കുഞ്ഞിമൂസയുടെ തീര്‍ഥാടന സ്മൃതികള്‍ വ്യത്യസ്തമാകുന്നത്.
തീര്‍ഥാടകരുടെ പാര്‍പ്പിട കേന്ദ്രങ്ങളിലെ സ്പന്ദനം ഹജ് ദിനങ്ങളില്‍ ഒപ്പിയെടുത്തത് കോഴിക്കോട്ടെ മൈത്രി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തില്‍ കാണാം. ചന്ദ്രിക വാരിക പത്രാധിപര്‍ സ്ഥാനത്തുനിന്ന് വിരമിച്ചശേഷമാണ് കെ.പി. കുഞ്ഞിമൂസ പത്രപ്രവര്‍ത്തന രംഗത്ത് കൂടുതല്‍ ഊര്‍ജസ്വലനായതെന്ന് അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്ടെ സൗഹൃദങ്ങളുടെ വലിയ ഒരു തണല്‍ മരമാണ് ഓര്‍മയായത്.