ഹൈദരാബാദ്: ഹൈദരാബാദില്‍ ടെക്കി യുവതിയെ കാമുകന്‍ കൊന്ന് സ്യൂട്ട്‌കേസിലാക്കി. ഹൈദരാബാദിന് സമീപത്തെ മെഡ്ചാലിലാണ് സംഭവം. മെഡ്ചലിലെ സുറാറാം കോളനിയിലെ ഒരു സ്‌കൂളിന് സമീപത്തെ മാലിന്യ ഓടയില്‍ സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച നിലയിലാണ് 25കാരിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. രാമചന്ദ്രപുരം സ്വദേശിയായ ലാവണ്യ (25) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാണാതായ യുവതികളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ലാവണ്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാര്‍ച്ച് 7ന് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഹൈദരാബാദിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് കൊല്ലപ്പെട്ട യുവതി. പ്രണയബന്ധം അവസാനിപ്പിക്കണമെന്ന കാമുകന്റെ ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സുനില്‍ എന്ന യുവാവാണ് കൊലപാതകം നടത്തിയത്. ലാവണ്യയും സുനിലും 2017 മുതല്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മസ്‌കറ്റില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. കൂടാതെ ലൈംഗിക ചൂഷണം ചെയ്തത് ചൂണ്ടിക്കാട്ടി ബന്ധത്തില്‍ നിന്ന് പിന്‍മാറുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. മാര്‍ച്ച് നാലിന് ഹൈദരാബാദ് കോണ്‍സുലേറ്റില്‍ ഒരു വിസ ഇന്റര്‍വ്യുവിനായി പോയ ലാവണ്യ പിന്നീട് വീട്ടില്‍ മടങ്ങി എത്തിയിട്ടില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് ലാവണ്യയെ ഒപ്പം കൂട്ടിയ സുനില്‍ ഒരു ലോഡ്ജില്‍ എത്തിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.