ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി രംഗത്ത്. മോഡിയുടെ പരാമര്‍ശത്തെ തിരഞ്ഞെടുപ്പിന് മുമ്പുള്ള കാപട്യമെന്നാണ് മെഹ്ബൂബ വിശേഷിപ്പിച്ചത്. ജമ്മുകശ്മീരിലെ മൂന്നു തലമുറകളെ തകര്‍ത്തത് മുഫ്തി, അബ്ദുള്ള കുടുംബങ്ങളാണെന്ന മോഡിയുടെ ആരോപണത്തിനാണ് മെഹ്ബൂബ മറുപടി പറഞ്ഞത്.
തിരഞ്ഞെടുപ്പിന് മുമ്പ് കശ്മീരിലെ രാഷ്ട്രീയ കുടുംബങ്ങളെ ആക്രമിക്കും. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അതേ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനായി ദൂത•ാരെ അയക്കുമെന്നും ഇതൊക്കെ എന്തിന് വേണ്ടിയാണെന്നും മെഹബൂബ ചോദിച്ചു. 1999 ല്‍ നാഷണല്‍ കോണ്‍ഫറന്‍സുമായും 2015 ല്‍ പിഡിപിയുമായും അവര്‍ സഖ്യമുണ്ടാക്കി. അതിന് ശേഷം എന്തിനാണ് ഭരണഘടയുടെ ആര്‍ട്ടിക്കിള്‍ 350 പ്രയോഗിക്കുന്നതെന്നും മെഹബൂബ ചോദിക്കുന്നു. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നാടുകടത്തുകയെന്ന ബിജെപിയുടെ നശീകരണ അജണ്ടയാണ് ഇന്ത്യയെ വിഭജിക്കുന്നതെന്നും മെഹബൂബ ആരോപിച്ചു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ പദവികള്‍ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കത്വയില്‍ നടന്ന ബിജെപി റാലിയില്‍ ഇതിന് മറുപടി നല്‍കവേയാണ് മുഫ്തി, അബ്ദുള്ള കുടുംബങ്ങള്‍ കശ്മീരിലെ തലമുറകളെ തകര്‍ത്തവരാണെന്നും ഇന്ത്യയെ വിഭജിക്കാന്‍ അവരെ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പരാമര്‍ശിച്ചത്.