Sorry, you need to enable JavaScript to visit this website.

യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും ഐ.എസ് ആക്രമണത്തിനു പദ്ധതിയെന്ന് റിപ്പോര്‍ട്ട്

ലണ്ടണ്‍-യറോപ്പിലും മിഡില്‍ ഈസ്റ്റിലും വന്‍ ആക്രമണങ്ങള്‍ക്ക് ഐ.എസ് പദ്ധതിയിടുന്നതായി പ്രമുഖ ബ്രീട്ടീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.  130 പേര്‍ കൊല്ലപ്പെട്ട പാരീസ് ആക്രമണത്തിനു സമാനമായ ആക്രമണങ്ങളാണ് ഐ.എസ് നടത്താന്‍ സാധ്യതയുള്ളതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നവംബറിലാണ് ലോകത്തെ നടുക്കിയ പാരിസ് ഭീകരാക്രമണ പരമ്പര നടന്നത്. ചാവേറാക്രമണത്തിലും വെടിവെപ്പിലുമായി 130 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
ഐ.എസിന്റെ സാമ്പത്തിക സഹായത്തോടെ യുറോപ്പിലും മിഡീല്‍ ഈസ്റ്റിലും പാരീസ് ആക്രമണത്തിന്റെ മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതിന്റെ തെളിവുകള്‍ ലഭിച്ചതായി  പത്രം പറയുന്നു. വാഹനം ഇടിച്ചുകയറ്റിയുള്ള ആക്രമണങ്ങള്‍ക്കും ഐഎസ് പദ്ധതിയിടുന്നതായി പറയുന്നു.
ഐ.എസ് ഭീകരരുടെ ശക്തികേന്ദ്രമായിരുന്ന സിറിയയിലെ യുദ്ധഭൂമിയില്‍  കണ്ടെത്തിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് െ്രെഡവില്‍നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് പത്രം പറയുന്നു. ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങള്‍ പിടിച്ചെടുത്ത് സമാന്തര ഭരണം നടത്തിയ ഐ.എസിനെ യു.എസ്, റഷ്യ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ആക്രമണങ്ങളിലൂടെയാണ് പരാജയപ്പെടുത്തിയത്. പിടിച്ചെടുത്ത പ്രദേശങ്ങള്‍ കൈവിട്ടുപോയെങ്കിലും അന്താരാഷ്ട്ര തലത്തിലുള്ള സംവിധാനങ്ങള്‍ ഐ.എസ് ഭീകരര്‍ക്ക് ഇപ്പോഴുമുണ്ട്. പല രാജ്യങ്ങളിലേക്കായി ചിതറിയ ഐ.എസ് ഭീകരര്‍ പണം സമ്പാദിക്കാനായി നിരവധി മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ബാങ്ക് കൊള്ള, കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുക, വാഹനങ്ങള്‍ കടത്തുക, പണം വാങ്ങി കൊലപാതകങ്ങള്‍ നടത്തുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ഭീകരപ്രവര്‍ത്തനത്തിനായി പണം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റഷ്യ, ജര്‍മനി എന്നിവിടങ്ങളിലായി ഐ.എസിന് മൂന്ന് സംഘങ്ങള്‍ ഉണ്ടെന്നും സിറിയയില്‍ മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ഐ.എസ് നേതാക്കള്‍ തങ്ങളുടെ പദ്ധതികള്‍ വിശദീകരിച്ച്   ഓപ്പറേഷന്‍സ്, അതിര്‍ത്തികള്‍ എന്നീ രണ്ട് ഭാഗങ്ങളിലായി ഐ.എസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിക്കും സഹായിക്കും കത്തെഴുതിയിരുന്നു. വിദേശ രാജ്യങ്ങളിലുള്ള നടപടികള്‍ക്ക് ഐ.എസ് അംഗം അബു ഖബാബ് അല്‍ മുഹാജിര്‍ നിര്‍ദേശം നല്‍കുമെന്ന് പറയുന്നു. റഷ്യയില്‍ ഒന്നും ജര്‍മനിയില്‍ രണ്ടും സെല്ലുകള്‍ മുഹാജിര്‍ നിയന്ത്രിക്കുന്നുവെന്ന് കണ്ടെടുത്ത രേഖയില്‍ പറയുന്നു. വടക്കന്‍ സിറിയയില്‍ മറ്റൊരു ഗ്രൂപ്പ് പ്രത്യേകം പ്രവര്‍ത്തിക്കുന്നു. ഐ.എസ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുകയാണ് ഈ ഗ്രൂപ്പിന്റെ മുഖ്യലക്ഷ്യം.
സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങളില്‍നിന്ന് പിന്‍വാങ്ങിയ ഭീകരര്‍ മരുഭൂമിയില്‍ ഒളിച്ചിരിപ്പുണ്ടെന്നും അവര്‍ ഇനി അട്ടിമറി പ്രവര്‍ത്തനങ്ങളും ഭീകരാക്രമണങ്ങളും നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.

 

 

Latest News