കോഴിക്കോട്- തെരഞ്ഞെടുപ്പിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ചങ്കിടിപ്പായി ഇക്കുറി വിവി പാറ്റ് എല്ലാ ബൂത്തുകളിലും. വിവി പാറ്റിനെ പരിചയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടോയെന്നാണ് ആശങ്ക.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനവും കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. വിവിപാറ്റിന്റെ പരിശോധനയും സീലിംഗും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിവി പാറ്റ് നിര്‍ബന്ധമാക്കിയത്. മണ്ഡലത്തിലെ പകുതി വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
താന്‍ വോട്ട് ചെയ്യുന്ന സ്ഥാനാര്‍ഥിക്ക് തന്നെയാണ് വോട്ട് ലഭിക്കുന്നത് എന്ന് വോട്ടര്‍ക്ക് ഉറപ്പു നല്‍കുന്നതാണ് വിവി പാറ്റ്. ഇത് ബാലറ്റ് യൂണിറ്റിനൊപ്പം വോട്ടിംഗ് കംപാര്‍ട്ടിമെന്റിലാണ് വെക്കുക. വോട്ടര്‍ സ്ഥാനാര്‍ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടന്‍ അമര്‍ത്തുന്നതോടെ തൊട്ടടുത്ത വിവിപാറ്റ് യന്ത്രത്തില്‍ ഒരു വെളിച്ചം തെളിയും. അവിടെ ചിഹ്നവും സ്ഥാനാര്‍ഥിയുടെ പേരും രേഖപ്പെടുത്തിയ കടലാസും പ്രത്യക്ഷപ്പെടും. ഏഴ് സെക്കന്റ് കഴിഞ്ഞാല്‍ അത് മുറിഞ്ഞ് യന്ത്രത്തിലെ പെട്ടിയിലേക്ക് വീഴും.
താന്‍ രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ചിഹ്നമല്ല വിവിപാറ്റ് മെഷിനില്‍ തെളിഞ്ഞത് എന്ന് വോട്ടര്‍ക്ക് തോന്നിയാല്‍ പരാതിപ്പെടാവുന്നതാണ്. വോട്ടറില്‍നിന്ന് പ്രത്യേക പത്രം എഴുതി വാങ്ങി പരിശോധനാ വോട്ട് രേഖപ്പെടുത്താന്‍ ഈ വോട്ടറെ അനുവദിക്കും. ഇതാകട്ടെ പരസ്യ വോട്ടാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥിയുടെ ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ വോട്ട് രേഖപ്പെടുത്തുക. വോട്ടറുടെ പരാതി ശരിയാണെങ്കില്‍ വോട്ടെടുപ്പ് നിര്‍ത്തിവെക്കും. ശരിയല്ലെന്നാണ് ബോധ്യപ്പെടുന്നതെങ്കില്‍ ഇയാള്‍ക്കെതിരെ നിയമനടപടിയെടുക്കും. ആറ് മാസം തടവും ആയിരം രൂപ വരെ പിഴയും വിധിക്കാവുന്ന കുറ്റമാണിത്. ഇയാള്‍ രണ്ടാമത് ചെയ്ത വോട്ട് ടെസ്റ്റ് വോട്ടായി രേപ്പെടുത്തുകയാണ് ചെയ്യുക.
പരാതിക്കാരനെ ശിക്ഷയെക്കുറിച്ച് അറിയിക്കണമെന്നാണ് വ്യവസ്ഥ. ഇത്തരം പരാതികള്‍ ഉയര്‍ന്നാല്‍ വോട്ടെടുപ്പ് സമയം നീളും. നേരിട്ട് മുകളില്‍നിന്ന് വെളിച്ചം വരുന്ന വിധം വിവിപാറ്റ് യന്ത്രം വെക്കരുതെന്നാണ് നിര്‍ദ്ദേശം. നേരിട്ടുള്ള വെളിച്ചം ഇതിലെ കാഴ്ചയെ ബാധിക്കും.
പോളിംഗ് ബൂത്തിലെത്തുന്ന കുറേ പേരെങ്കിലും പരിഭ്രമം കാരണം സ്വന്തം സ്ഥാനാര്‍ഥിയുടെ ചിഹ്നം കാണാതെ വിഷമിക്കാറുണ്ട്. ഈ പരിഭ്രമത്തില്‍ വിവിപാറ്റിലെ ദൃശ്യം തെറ്റായി തോന്നിയാല്‍ വോട്ടെടുപ്പ് പ്രക്രിയ വൈകും. വോട്ടെടുപ്പ് വൈകിട്ട് ആറു മണിവരെയാണ് പിന്നെയും വൈകിയാല്‍ ഇരുട്ടാകും.
വിവിപാറ്റ് വന്നതോടെ മോക്ക് പോളിംഗ്'കൃത്യസമയത്തേ നടത്താനാകൂവെന്ന പ്രശ്‌നവും ഉണ്ടായി. യഥാര്‍ഥ വോട്ടെടുപ്പിന് മുമ്പ് മോക്ക് പോള്‍'നടത്തി ഏജന്റുമാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. യന്ത്രത്തില്‍ വേറെ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും യന്ത്രം യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്താനാണ് മോക്ക് പോള്‍. ഇതിന് ശേഷമാണ് വോട്ടിംഗ് യന്ത്രം സീല്‍ ചെയ്ത് യഥാര്‍ഥ വോട്ടെടുപ്പിന് വെക്കുക.
ഏഴു മണിക്ക് യഥാര്‍ഥ പോളിംഗ് തുടങ്ങേണ്ടതിനാല്‍ ഒരു മണിക്കൂര്‍ മുമ്പേയാണ് മോക്ക് പോള്‍ നിര്‍ദ്ദേശിക്കുന്നത്. 50 വോട്ടെങ്കിലും മോക്ക് പോളില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അല്‍പം നേരത്തെയോ തലേന്നോ മോക്ക് പോള്‍ നടത്തി രാവിലത്തെ വെപ്രാളം ഒഴിവാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവിപാറ്റ് പാരയായി. വിവിപാറ്റില്‍ സമയം രേഖപ്പെടുത്തിയിരിക്കും. 50 വോട്ടിന്റെ സ്ലിപ്പ് ലഭ്യമാക്കുകയും വേണം. വിവിപാറ്റ് പണിമുടക്കിയാല്‍ വോട്ടെടുപ്പ് തന്നെ നിര്‍ത്തിവെക്കുകയാണ് ചെയ്യുക.