കൈറോ- ഇസ്രാഈല്‍ കയ്യേറി പിടിച്ചെടുത്ത ഫലസ്തീന്‍ ഭൂമിയിലെ ചരിത്രമുറങ്ങുന്ന 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി ഇസ്രാഈല്‍ അധികൃതര്‍ മദ്യശാലയും വിവാഹ ഹാളുമാക്കിമാറ്റി. വടക്കന്‍ ഫലസ്തീനിലെ സഫദ് മുനിസിപ്പാലിറ്റുമായി ബന്ധമുള്ള ഒരു ഇസ്രാഈലി കമ്പനിയാണ് അല്‍ അഹ്മര്‍ മസ്ജിദ് ബാര്‍ ആക്കിയത്. ഈ പള്ളി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍ ഇസ്ലാമിക പൈതൃകസ്വത്ത് സംരക്ഷ ഏജന്‍സി നസറേത്തിലെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷയില്‍ കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല. മദ്യശാലയാക്കിയ പള്ളിയുടെ പുതിയ പേര് ഖാന്‍ അല്‍ അഹ്മര്‍ എന്നാക്കി മാറ്റുകയും ചെയ്തു.
1948-ല്‍ ഇസ്രാഈല്‍ രൂപീകരിക്കപ്പെട്ട ശേഷം നിരന്തരം ജൂത കയ്യേറ്റങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഈ പള്ളി ഇരയായിട്ടുണ്ട്. പ്രദേശത്തെ ഫലസ്തീനികളെ ആട്ടിപ്പായിച്ച ശേഷം ആദ്യം ഈ പള്ളി ഒരു ജൂത മതപാഠശാലയാക്കി മാറ്റി. പിന്നീട് കുറെ കാലം വസ്ത്ര ശേഖര സൂക്ഷിപ്പു കേന്ദ്രമായി. വര്‍ഷങ്ങള്‍ക്കു ശേഷം 2006ല്‍ ഇസ്രാഈലി കദിമ പാര്‍ട്ടിയുടെ ഒരു തെരഞ്ഞെടുപ്പു ഓഫീസും പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ചെങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ചതു കൊണ്ടാണ് അല്‍ അഹ്മര്‍ എന്ന് ഈ പള്ളിക്കു പേരു വന്നതെന്ന് ഫലസ്തീന്‍ ഇസ്ലാമിക പൈതൃകസ്വത്ത് സംരക്ഷ ഏജന്‍സിയുടെ സെക്രട്ടറി ഖൈര്‍ തബരി പറഞ്ഞു. നിര്‍മാണം എഡി 1276ലാണെന്ന് പ്രവേശന കവാടത്തിലെ കല്ലില്‍ കൊത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സന്ദര്‍ശിക്കാനെത്തുന്ന മുസ്ലിംകള്‍ ജൂത കുടിയേറ്റക്കാരില്‍ നിന്നും അക്രമം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. കയ്യേറിയ ഫലസ്തീന്‍ ഭൂമിയിലെ ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രാഈല്‍ വിവിധ രീതിയില്‍ അതിക്രമം നടത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതു പതിവാണ്.