Sorry, you need to enable JavaScript to visit this website.

ശ്രദ്ധിക്കുക, മാൻഹോളുകളിൽ അപകടം പതിയിരിക്കുന്നു

റിയാദ്- മാൻഹോളിൽ വീണ് മലപ്പുറം സ്വദേശി മരിച്ചതോടെ മാൻഹോളുകളിലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ചർച്ചയാകുന്നു. റോഡരികുകളിലെയും മറ്റുമുള്ള മാൻഹോളുകളിൽ വീണ് മരണം വരെ സംഭവിക്കാവുന്ന അപകടങ്ങളാണ്ടാകുന്നത്. താരതമ്യേന പഴക്കം ചെന്ന മാൻഹോളുകളുടെ മൂടികൾ തകർന്നാണ് ആളുകൾ അപകടത്തിൽ പെടുന്നത്. മഴയും വെയിലും മാറിമാറി ഏൽക്കുന്നതോടെ മാൻഹോൾ മൂടികൾ ദ്രവിക്കുകയും പൊട്ടിയടരുകയും ചെയ്യുന്നു. ഇതിന് മുകളിൽ അറിഞ്ഞോ അറിയാതെയെ കയറുമ്പോൾ തകർന്നു താഴേക്ക് പതിച്ചാണ് അപകടമുണ്ടാകുന്നത്. ചിലയിടങ്ങളിൽ മാൻഹോളുകൾ മൂടിയില്ലാതെ തുറന്നുകിടക്കുന്ന അവസ്ഥയിലാണ്. മഴ പെയ്ത് റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ മാൻഹോളുകൾ എവിടെയൊക്കെയാണുള്ളത് എന്നറിയാതെയും ആളുകൾ അപകടത്തിൽ പെടുന്നു. ഇതിന് പുറമെ വെള്ളം നിറഞ്ഞ് മാൻഹോളുകളുടെ മൂടി സ്വയം നീങ്ങിപ്പോകുന്ന അവസ്ഥയുമുണ്ട്. ഇത്തരം മാൻഹോളുകളിൽ അപകടത്തിൽപ്പെടുന്ന സംഭവത്തിലെ ഏറ്റവും അവസാനത്തെ ഇരയാണ് ശിഫ സനയ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം ചട്ടിപ്പറമ്പ് നല്ലോളിപറമ്പിൽ സ്വദേശി കുട്ടശ്ശേരി അബ്ദുറശീദ് (49). വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് റശീദ് അപകടത്തിൽ പെട്ടത്. 
കർട്ടൺ, സോഫ ആക്‌സസറീസ് ഷോപ്പിലെ ജോലി കഴിഞ്ഞ് കടയിലെ വേസ്റ്റ് സാധനങ്ങൾ സമീപത്തെ ബലദിയ കണ്ടെയ്‌നറിൽ നിക്ഷേപിക്കാൻ സഹപ്രവർത്തകനായ പാക്കിസ്ഥാനിയോടൊപ്പം പോയതായിരുന്നു റശീദ്. ആദ്യം കടയിൽ തിരിച്ചെത്തിയ പാക്കിസ്ഥാനി പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടു. അബ്ദുറശീദിനെ കാണാനില്ലാത്തതിനാൽ തിരികെ ചെന്ന് നോക്കിയപ്പോൾ സമീപത്തെ ഗോഡൗണിന് മുന്നിലെ മാൻഹോൾ പൊട്ടിക്കിടക്കുന്നത് കണ്ടു. ഇതിൽ റശീദ് വീണതാകാമെന്ന സംശയത്തിൽ സിവിൽ ഡിഫൻസിനെ വിവരം അറിയിക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ കുഴിയിൽ ആളനക്കം കണ്ടില്ല. തുടർന്ന് തെർമൽ കാമറ ഉപയോഗിച്ച് പരിശോധിക്കുകയും കുഴിയുടെ അടിഭാഗത്ത് ഇദ്ദേഹം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് വെള്ളം വറ്റിച്ച് ഒരു മണിക്കൂറിനകം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 21 വർഷമായി റശീദ് റിയാദിലുണ്ട്.
 

Latest News