ഒട്ടാവ- തീവ്രവാദ ഭീഷണി സംബന്ധിച്ചുള്ള കാനഡയുടെ 2018-ലെ റിപോര്‍ട്ടില്‍ നിന്നും സിഖ്, ഖലിസ്ഥാനി തീവ്രവാദം എന്ന പരാമാര്‍ശം പൂര്‍ണമായും ഒഴിവാക്കിയതില്‍ ഇന്ത്യയ്ക്ക് മുറുമുറുപ്പ്. ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കാനഡ ഈ പദങ്ങള്‍ ഒഴിവാക്കിയത്. സമുദായ സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് വെള്ളിയാഴ്ചരാണ് കാനഡ തീവ്രവാദ ഭീഷണി റിപോര്‍ട്ട് പരിഷ്‌ക്കരിച്ച് പുറത്തിറക്കിയത്. സിഖ് വംശജനും പ്രതിരോധ മന്ത്രിയുമായ ഹര്‍ജിത് സിങിനൊപ്പം കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വാന്‍കൂവറില്‍ ഖല്‍സ ദിവാന്‍ സൊസൈറ്റി സംഘടിപ്പിച്ച വൈശാഖി ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് ഈ റിപോര്‍ട്ട് പ്രസിദ്ദീകരിച്ചത്.
തെരഞ്ഞെടുപ്പു അടുത്തതോടെയാണ് സിഖ് സമുദായ സംഘടനകള്‍ ഈ ആവശ്യവുമായി ഭരണകക്ഷിയായ ലിബറന്‍ പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയത്. ഈ പദപ്രയോഗം തിരുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. റിപോര്‍ട്ടില്‍ എട്ടിടത്താണ് സിഖ് തീവ്രവാദം എന്ന പരാമര്‍ശമുണ്ടായിരുന്നത്. സിഖ് വിഘടനവാദികളുടെ ആവശ്യമായ ഖലിസ്ഥാനെ കുറിച്ച് ആറിടത്തും പരാമര്‍ശമുണ്ടായിരുന്നു. ഇവ പൂര്‍ണമായും നീക്കം ചെയ്തു. ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് കാനഡ നല്‍കുന്ന പിന്തുണയെ ചൊല്ലി ഇന്ത്യയ്ക്ക് നേരത്തെ തന്നെ മുറുമുപ്പുണ്ട്. തീവ്രവാദ റിപോര്‍ട്ട് തിരുത്തുക കൂടി ചെയ്തതോടെ വിഷയം വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.