കാലിഫോര്‍ണിയ- ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ വിമാനം പ്രഥമ പറക്കല്‍ വിജയകരമായി നടത്തി. ആറ് എഞ്ചിനുകളും രണ്ട് ഫ്യൂസലാജുകളും (വിമാന ഉടല്‍) 28 ചക്രങ്ങളുമുള്ള പടുകൂറ്റന്‍ വിമാനമായ സ്ട്രാറ്റോലോഞ്ച് കാലിഫോര്‍ണിയയിലെ മൊഹാവി എയര്‍ ആന്റ് സ്‌പേസ് പോര്‍ട്ടില്‍ നിന്നാണ് ശനിയാഴ്ച പറന്നുയര്‍ന്നത്. ബഹിരാകാശ യാത്രകള്‍ക്കു വേണ്ടി രൂപകല്‍പ്പന ചെയ്ത ഈ ഭീമന്‍ വിമാനം മൊഹാവി മരുഭൂമിക്കു മുകളില്‍ രണ്ടര മണിക്കൂറോളം പറന്നു. ഒരു ഫുട്‌ബോള്‍ മൈതാനത്തേക്കാള്‍ വീതിയുണ്ട് ഈ വിമാനത്തിന്റെ രണ്ടു ചിറകുകള്‍ക്ക്. പ്രഥമ പറക്കലില്‍ 17,000 അടി ഉയരത്തില്‍ പൊങ്ങിയ വിമാനം മണിക്കൂറില്‍ 304 കിലോമീറ്റര്‍ വേഗതയും കൈവരിച്ചു.
മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്റെ സ്വപ്‌ന പദ്ധതിയായിരുന്നു ഈ വിമാനം. എന്നാല്‍ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിനു മുമ്പ് കഴിഞ്ഞ ഒക്ടോബറില്‍ അലന്‍ വിടപറഞ്ഞു. ഇതിനു ശേഷം ഈ വിമാനത്തിന്റെ ഭാവി എന്താകുമെന്നത് സംശയത്തിലായിരുന്നു. കുറഞ്ഞ ചെലവിലും വേഗത്തിലും ഉപഗ്രങ്ങളേയും മനുഷ്യരേയും ബഹിരാകാശത്ത് എത്തിക്കാനുള്ള അലന്‍ സ്വപ്‌നം കണ്ടതായിരുന്നു ഈ വിമാനം.
ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റുകളെ വഹിച്ച് അവയെ ബഹിരാകാശത്തെത്തിച്ച് തൊടുത്തുവിടാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്. സാധാരണ റോക്കറ്റുകളെ ഭൂമിയില്‍ നിന്നും കുത്തനെ മുകളിലോട്ട് തൊടുത്തു വിടുന്ന രീതിയാണ് നിലവിലുള്ളത്.
Today the #Stratolaunch aircraft flew for 2.5 hours over the Mojave Desert, reaching a top speed of 189 mph. Check out the historic flight here: #StratoFirstFlight pic.twitter.com/x29KifphNz
— Stratolaunch (@Stratolaunch) April 13, 2019