റിയാദ് - സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതൽ നിലവിൽ വരും. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഇന്നു മുതൽ മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക.
ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമത്തിൽ വകുപ്പുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മൂവായിരം റിയാൽ മുതൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തുന്നതിനും മുപ്പത് ദിവസത്തേക്കോ എന്നെന്നേക്കുമായോ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്.