Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത്: തിരുവനന്തപുരം വിമാനത്താവള  ജീവനക്കാരടക്കം അഞ്ചു പേർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം- തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. എയർ ഇന്ത്യാ സാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസൽ, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസിയായ ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി മെബിൻ ജോസഫ്, ആറ്റിങ്ങൽ സ്വദേശി നബീൽ, ഇടനിലക്കാരൻ തകരപ്പറമ്പിൽ മൊബൈൽ കട നടത്തുന്ന ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. ആറു മാസത്തിനിടെ 100 കിലോഗ്രാമിലേറെ സ്വർണം ഇവർ കടത്തിയതായാണ് ഡി.ആർ.ഐ കണ്ടെത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വർണം കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ചിരുന്നത് ഇവരായിരുന്നു. 
ഒരു കിലോ സ്വർണം പുറത്തെത്തിച്ചാൽ അറുപതിനായിരം രൂപയായിരുന്നു കൂലി. എല്ലാവരെയും റിമാന്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രണ്ടേകാൽ കോടിയുടെ 50 സ്വർണ ബിസ്‌കറ്റുകളുമായി കാസർകോട് സ്വദേശി മൻസൂർ, എറണാകുളത്തെ കണ്ണൻ, ഇവർക്ക് സഹായം ചെയ്ത എയർ ഇന്ത്യാ സാറ്റ്‌സിലെ കസ്റ്റമർ സർവീസ് ഏജന്റ് ആലപ്പുഴ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെ ഡി.ആർ.ഐ പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് വിമാനത്താവള ജീവനക്കാരടക്കം കുടുങ്ങിയത്. പുലർച്ചെ ഗൾഫിൽ നിന്നെത്തുന്ന എയർഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലായിരുന്നു സ്വർണക്കടത്ത്. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ എയ്‌റോ ബ്രിഡ്ജിലെത്താറില്ല. ദൂരെയുള്ള ടാക്‌സി വേയിലായിരിക്കും എത്തുക. ഇവിടെ നിന്ന് യാത്രക്കാരെ വിമാ നക്കമ്പനികളുടെ ബസിലാണ് ടെർമിനലിലേക്ക് എത്തിക്കുക. ഈ ബസിൽ വെച്ചാണ് സ്വർണം വിമാനത്താവള ജീവനക്കാർക്ക് കൈമാറുക. 
സ്വർണം കൊണ്ടുവരുന്നവരുടെയും വിമാനത്താവള ജീവനക്കാരുടെയും ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ കൈമാറും. ഒരു വിമാനത്തിൽ മൂന്നും നാലും പേർ സ്വർണം കടത്താനുണ്ടാകും. അഞ്ച് കിലോഗ്രാം സ്വർണത്തിന് ആൻഡ്രോയ്ഡ് ഫോണിന്റെ വലിപ്പമേയുണ്ടാവൂ. ബസിൽ ജീവനക്കാർ സ്വർണം കൈപ്പറ്റും. നിരീക്ഷണത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുണ്ടെങ്കിൽ എമിഗ്രേഷൻ ഹാളിൽ അവിടെ ഡ്യൂട്ടിയിലുള്ളവർ സ്വർണം ഏറ്റുവാങ്ങും. അവിടെയും നിരീക്ഷണമുണ്ടെങ്കിൽ ടോയ്‌ലറ്റിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കും. ജീവനക്കാരൻ പിന്നാലെയെത്തി സ്വർണം ശേഖരിക്കും. ഡിപ്പാർച്ചർ ടെർ മിനലിലെ സ്റ്റാഫ് ഗേറ്റിലൂടെ പുറത്തിറങ്ങുന്ന വിമാനത്താവള ജീവനക്കാർ പുറത്ത് കാത്തു നിൽക്കുന്ന ഉവൈസിന് സ്വർണം കൈമാറും. ചായ കുടിക്കാനും മറ്റും പുറത്തേക്കിറങ്ങുന്ന ജീവനക്കാരെ സി.ഐ.എസ്.എഫ് പരിശോധിക്കില്ലെന്നതാണ് സ്വർണക്കടത്തുകാർ മുതലെടുക്കുന്നത്. വൻകിട ജ്വല്ലറികൾക്കായാണ് സ്വർണം കടത്തുന്നത്. വിമാനത്താവള ജീവനക്കാർക്ക് 60,000 രൂപ പ്രതിഫലം പണമായി നൽകും. ഇത് ജീവനക്കാരെല്ലാം ചേർന്ന് പങ്കിട്ടെടുക്കും. 
പതിനായിരം രൂപ ശമ്പളമുള്ള ജീവനക്കാർ ആർഭാട ജീവിതം നയിച്ചതിന്റെയും വൻതോതിൽ പർച്ചേസ് നടത്തിയതിന്റെയും തെളിവുകളുണ്ടെന്ന് ഡി.ആർ.ഐ വ്യക്തമാക്കി. ഉവൈസിൽ നിന്ന് ഇവർ അക്കൗണ്ട് വഴി പണം സ്വീകരിച്ചതിനും തെളിവുണ്ട്. വിമാനത്താവള ജീവനക്കാരിൽ നിരവധി പേർ സ്വർണക്കടത്തുകാർക്ക് സഹായം ചെയ്യുന്നുണ്ടെന്നും ഡി.ആർ.ഐ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ പുറത്താക്കണമെന്ന് ഡി.ആർ.ഐ ശുപാർശ ചെയ്തു.

Latest News