ന്യൂദല്‍ഹി- ഇറാനികള്‍ ബോട്ടില്‍ കടത്തിയ 100 കിലോ ഹെറോയിന്‍ ഇന്ത്യന്‍ സേനകള്‍ സംയുക്ത നീക്കത്തിലൂടെ പിടികൂടി. ഒമ്പത് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. തെളിവില്ലാതാക്കാന്‍ ഇറാനികള്‍ ബോട്ടിന് തീയിട്ട് നശിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും ബോട്ട് മുങ്ങിപ്പോയതായി അവര്‍ പറഞ്ഞു.
ഭീകരവിരുദ്ധ സേന (എ.ടി.എസ്), തീരസംരക്ഷണ സേന, സമുദ്ര ദൗത്യ സേന എന്നിവ സംയുക്തമായാണ് 500 കോടി രൂപ വില വരുന്ന ഹെറോയിന്‍ വേട്ട നടത്തിയത്. 100 കിലോ ഹെറോയിന് അന്താരാഷ്ട്ര വിപണയില്‍ ഏതാണ്ട് 500 കോടി രൂപ വിലവരുമെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
തീരത്തു കൂടി ഹെറോയിന്‍ ഗുജറാത്തിലെത്തുമെന്ന് ഇന്റലിജന്‍സ് വിവരം ലഭിക്കുകയായിരുന്നുവെന്ന് എ.ടി.എസ് അസി. കമ്മീഷണര്‍ ബി.പി. റോജിയ പറഞ്ഞു. തുടര്‍ന്ന് മൂന്ന് ഏജന്‍സികളുടെ സംയുക്ത സംഘം രൂപീകരിക്കുകയായിരുന്നു. മാര്‍ച്ച് 26 ന് നടത്തിയ ഹെറോയിന്‍ വേട്ട ഇപ്പോഴാണ് അധികൃതര്‍ വെളിപ്പെടുത്തിയത്. 24 മണിക്കൂര്‍ തെരച്ചില്‍ നടത്തിയാണ് സംശായസ്പദ ബോട്ട് കണ്ടെത്തിയതെന്നും തുടര്‍ന്ന് ഐ.സി.ജിയുടെ കപ്പലാണ് ബോട്ടിനെ തടഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബോട്ടിലുണ്ടായിരുന്നവര്‍ തീയിട്ടതിനെ തുടര്‍ന്ന്
തീര സേന തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടില്‍ 24,000 ലിറ്റര്‍ ഇന്ധനവും ഏതാനും ഗ്യാസ് സിലിണ്ടറുകളുമുണ്ടായിരുന്നതിനാല്‍ വിജയിച്ചില്ല. പാക്കിസ്ഥാനി പൗരനായ ഹാമിദ് മാലിക് എന്നയാളാണ് ഹെറോയിന്‍ അയച്ചതെന്ന് ഒമ്പത് ഇറാനികളെ ചോദ്യം ചെയ്തതില്‍നിന്ന് വ്യക്തമായതായി എ.ടി.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തുനിന്നാണ് ഹെറോയിന്‍ കയറ്റിയതെന്നും പറയുന്നു. വിശദ അന്വേഷണം തുടരുകയാണെന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് പറഞ്ഞു.