സിംഗപ്പൂര്‍- എയര്‍പോര്‍ട്ടുകള്‍ വെറും എയര്‍പോര്‍ട്ടുകളല്ലാതായിട്ട് കാലം കുറച്ചായി. രാജ്യത്തിന്റെ ടൂറിസം വികസനത്തില്‍ മുഖ്യപങ്കു വഹിക്കുകയാണ് ഇപ്പോള്‍ വിമാനത്താവളങ്ങള്‍. വിമാനമിറങ്ങാനുള്ള സ്ഥലം എന്നതിലുപരി, സഞ്ചാരികളുടെ ഒരു ഡെസ്റ്റിനേഷന്‍ കൂടിയാവുകയാണ് എയര്‍പോര്‍ട്ടുകള്‍. ദുബായും, അബുദാബിയും ദോഹയുമടക്കമുള്ള ഗള്‍ഫ് എയര്‍പോര്‍ട്ടുകള്‍ ഇതിന് മകുടോദാഹരണം.
ഇവയോട് മത്സരിക്കാന്‍, അല്ല ഒരു പിടി മുന്നില്‍ നില്‍ക്കാന്‍ വെമ്പുന്ന രാജ്യമാണ് സിംഗപ്പൂര്‍. ഏഷ്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമായ സിംഗപ്പൂരിലെ കാഴ്ചകള്‍ അവിസ്മരണീയമാണ്. ഇപ്പോഴിതാ, വിമാനത്താവളത്തിനകത്ത് കാടും മഴയുമൊക്കെ ഒരുക്കി സഞ്ചാരികളെ വീണ്ടും വിസ്മയിപ്പിക്കുകയാണ് അവര്‍.
ജെവല്‍ ചാംഗി എയര്‍പോര്‍ട്ടിലെത്തുന്നവര്‍ അന്തം വിടും. ഭീമന്‍ വെള്ളച്ചാട്ടം. കാനന താഴ്‌വര, ഉദ്യാന സൗന്ദര്യം. ബാള്‍പാര്‍ക്കുകളും മാളുകളും. പഴമയും പുതുമയും അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന സങ്കേതം.
40 മീറ്റര്‍ ഉയരത്തിലാണ് വെള്ളച്ചാട്ടം. പേര് റെയിന്‍ വോര്‍ട്ടെക്‌സ്. ലോകത്തെ ഏറ്റവും ഉയരംകൂടിയ ഇന്‍ഡോര്‍ വാട്ടര്‍ഫാള്‍. കാനനഛായയുള്ള പാര്‍ക്ക്. ആകാശത്തൂടെ നടക്കാന്‍ 50 മീറ്റര്‍ വാക്‌വേ.. പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്ന വിമാനത്താവളം ഷോപ്പിംഗിനും ഡൈനിംഗിനുമായി ഏപ്രില്‍ 17 ന് തുറക്കും.