Sorry, you need to enable JavaScript to visit this website.

ഹജ്: കെട്ടിടങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാക്കിയതിൽ പ്രതിഷേധം

ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് വാടകക്ക് നൽകുന്ന കെട്ടിടങ്ങളുടെ ഉടമകൾ ഹജ്, ഉംറ മന്ത്രാലയം ബാധകമാക്കിയ പുതിയ വ്യവസ്ഥകളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് പ്രാദേശിക മാധ്യമപ്രവർത്തകനോട് സംസാരിക്കുന്നു.

മക്ക - വിദേശങ്ങളിൽ നിന്നുള്ള ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് വാടകക്ക് നൽകുന്ന കെട്ടിടങ്ങൾക്ക് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകൾ നിർബന്ധമാക്കിയതിൽ കെട്ടിട ഉടമകൾ പ്രതിഷേധം പ്രകടിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചത്. ഇതിനു മുമ്പായി ലൈസൻസിനുള്ള നടപടികൾ നിരവധി കെട്ടിട ഉടമകൾ പൂർത്തിയാക്കുകയും കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതിന് വിദേശ ഹജ് മിഷനുകളുമായി കരാറുകൾ ഒപ്പുവെക്കുകയും ചെയ്തിരുന്നു. മരത്തിന്റെ കബോർഡുകളും കർട്ടനുകളും മുറികളിലുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥകളിൽ പ്രധാനം. കൂടാതെ കെട്ടിടങ്ങളുടെ പകൽ വെളിച്ചത്തിലും രാത്രിയിലുമുള്ള പുതിയ ഫോട്ടോകളും കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങളുടെയും അടുക്കളകളുടെയും ഫോട്ടോകളും സമർപ്പിക്കണമെന്നും നിർദേശമുണ്ട്. കെട്ടിടങ്ങളിൽ നീന്തൽ കുളങ്ങളുണ്ടെങ്കിൽ അവയുടെ ഫോട്ടോയും സമർപ്പിക്കണം. 
ലൈസൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മരത്തിന്റെ കബോർഡുകളും കട്ടിലുകളും ഉണ്ടായിരിക്കണം എന്നത് അടക്കമുള്ള പുതിയ വ്യവസ്ഥകൾ ബാധകമാക്കുന്നത് ആശ്ചര്യകരമാണെന്ന് കെട്ടിട ഉടമയായ എൻജിനീയർ മുഹമ്മദ് ബാഫേൽ പറഞ്ഞു. പുതിയ വ്യവസ്ഥകൾ എത്രയും വേഗം മന്ത്രാലയം പുനഃപരിശോധിക്കണം. ഹജ് തീർഥാടകർക്കുള്ള താമസ, യാത്രാ ക്രമീകരണങ്ങൾ മുഴുവൻ പൂർത്തിയായ ശേഷം മാത്രമേ വിസകൾ സ്റ്റാമ്പ് ചെയ്യുകയുള്ളൂ. പുതിയ വ്യവസ്ഥകൾ ഹജ് തീർഥാടകരുടെ യാത്രാ നടപടികൾക്ക് കാലതാമസമുണ്ടാക്കുന്നതിന് ഇടയാക്കിയേക്കുമെന്നും എൻജിനീയർ മുഹമ്മദ് ബാഫേൽ പറഞ്ഞു. 
ആഭ്യന്തര, ഹജ്-ഉംറ മന്ത്രാലയങ്ങളും സിവിൽ ഡിഫൻസും പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും ഓരോ വർഷവും തങ്ങൾ പാലിക്കാറുണ്ടെന്ന് മറ്റൊരു കെട്ടിട ഉടമയായ വലീദ് മുഹമ്മദ് അസീസുറഹ്മാൻ പറഞ്ഞു. ഈ വർഷം നടപടികൾ പൂർത്തിയാക്കി ലൈസൻസ് കൈപ്പറ്റുകയും കെട്ടിടങ്ങൾ വാടകക്ക് നൽകുന്നതിന് വിദേശ ഹജ് മിഷനുകളുമായി കരാറുകൾ ഒപ്പുവെക്കുകയും ചെയ്ത ശേഷമാണ് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകൾ നിർബന്ധമാക്കിയത്. ഇത് വിസകൾ ഇഷ്യു ചെയ്യുന്നതിന് കാലതാമസമുണ്ടാക്കിയേക്കും. എന്തുകൊണ്ട് പുതിയ വ്യവസ്ഥകൾ വർഷാദ്യത്തിൽ ഹജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചില്ല എന്ന് വലീദ് മുഹമ്മദ് അസീസുറഹ്മാൻ ആരാഞ്ഞു. 
ഓരോ കെട്ടിടത്തിലും മൂന്നു സെക്യൂരിറ്റി ജീവനക്കാരെ വീതം നിയമിക്കുന്നതിന് കരാർ ഒപ്പുവെക്കണമെന്നത് അടക്കമുള്ള ചില പുതിയ വ്യവസ്ഥകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്ന് സ്വാലിഹ് ഖാസിം ഖഥ്‌ലാൻ പറഞ്ഞു. ഹജ് തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുടെ ജോലി മൂന്നു മാസത്തിൽ കവിയില്ല. ഹജ് തീർഥാടകരെ പാർപ്പിക്കുന്ന കെട്ടിടങ്ങളിൽ ഹോട്ടലുകളിലെതു പോലെ കൗണ്ടറുണ്ടായിരിക്കണമെന്നും മുറികൾക്ക് താക്കോലുകൾ ഉണ്ടായിരിക്കണമെന്നും പുതിയ വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്. ഇതൊന്നും യുക്തിക്ക് നിരക്കുന്നതല്ലെന്ന് സ്വാലിഹ് ഖാസിം ഖഥ്‌ലാൻ പറഞ്ഞു. 
ഹജ്, ഉംറ മന്ത്രാലയത്തിന്റെ പുതിയ വ്യവസ്ഥകൾ ലൈസൻസ് നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാക്കിയതായി അസീസിയ ഡിസ്ട്രിക്ടിൽ കെട്ടിടമുള്ള സൗദി വനിത ഉമ്മുഖലൂദ് പറഞ്ഞു. പുതിയ വ്യവസ്ഥകൾ പാലിച്ച ശേഷം കെട്ടിടം ബന്ധപ്പെട്ട വകുപ്പുകൾ വീണ്ടും പരിശോധിക്കുന്നതു വരെ വിദേശ ഹജ് മിഷനുകളുമായി കരാർ ഒപ്പുവെക്കുന്നത് വിലക്കിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. വിഷൻ 2030 പദ്ധതിയുമായി ഒത്തുപോകുന്ന നിലക്ക് ഹജ് തീർഥാടകരെ പാർപ്പിക്കുന്നതിന് സജ്ജീകരിച്ച കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമാവലിക്ക് അനുസൃതമായാണ് പുതിയ വ്യവസ്ഥകൾ ബാധകമാക്കിയിരിക്കുന്നതെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു. ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വിഷൻ 2030 പദ്ധതിക്ക് അനുസൃതമായാണ് കെട്ടിടങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമാക്കിയതെന്ന് ഹജ്, ഉംറ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി അയ്മൻ അൽഅറഫ്ജാൻ പറഞ്ഞു.

 

Latest News