ഭോപ്പാല്‍: ഒരാഴ്ചയോളം ഷേവ് ചെയ്യാതെയും കുളിക്കാതെയും ഇരിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ യുവതി. രണ്ടുപേരും ഉഭയകക്ഷി സമ്മത പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു കൊല്ലം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. ഇരു സമുദായത്തില്‍പെട്ടവരാണ് ഇവര്‍. ഭര്‍ത്താവ് ഒരാഴ്ചയായിട്ട് കുളിക്കാറോ, താടി വടിക്കാറോ ഇല്ലെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. മാത്രമല്ല കുളിക്കാന്‍ ആവശ്യപ്പെട്ടാല്‍ സുഗന്ധദ്രവ്യം പൂശി ശരീരത്തിന്റെ ദുര്‍ഗന്ധം കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും യുവതി ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. സിന്ധി സമുദായക്കാരനായ യുവാവിന് സ്വന്തം സമുദായത്തില്‍ നിന്നും വധുവിനെ കിട്ടാത്തതുകൊണ്ട് ആണ് ബ്രാഹ്മണ യുവതിയെ വിവാഹം കഴിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. പെണ്‍കുട്ടി ചെയ്തത് ശരിയായില്ലെന്ന് പറയുന്നവരുമുണ്ട്. വിവാഹബന്ധം ഉപേക്ഷിക്കരുതെന്ന് പെണ്‍കുട്ടിയോട് മാതാപിതാക്കള്‍ പറഞ്ഞെങ്കിലും അവര്‍ അതുകേള്‍ക്കാതെയാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. യുവതി തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കൗണ്‍സിലര്‍ പറയുന്നു. ചെറിയ കാര്യങ്ങള്‍ക്ക് ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ വിവാഹമോചനം തേടുകയാണെന്ന് പറഞ്ഞ കൗണ്‍സിലര്‍ ആറു മാസത്തേയ്ക്ക് വേര്‍പിരിഞ്ഞ് ജീവിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനുശേഷം വിവാഹമോചനം അനുവദിക്കുമെന്നും കോടതി ഉത്തരവിട്ടു.