ലഖ്‌നൗ-ഉത്തര്‍പ്രദേശിലെ ബാന്ദയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തം മറ്റ് നിലകളിലേയ്ക്ക് പടരുന്നതിന് മുന്‍പ് കുരച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ രക്ഷകനായ നായ അതേ തീയില്‍ വെന്തമര്‍ന്നു.
ജനവാസമേഖലയായ ഇലക്‌ട്രോണിക്‌സ് ഫര്‍ണിച്ചര്‍ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. നാലുനിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഉടമ താമസിച്ചിരുന്നത് മുകളിലത്തെ നിലയിലും.
തീ പടരുന്നത് കണ്ട നായ നിര്‍ത്താതെ കുരച്ചത് കേട്ടപ്പോള്‍ ആണ് താമസിക്കുന്നവര്‍ ശ്രദ്ധിച്ചത്. അത് കാരണം വിവിധ നിലകളില്‍ താമസിച്ചിരുന്ന മുപ്പതോളം പേര്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. എല്ലാവരും ഓടി രക്ഷപെട്ടെങ്കിലും ഒരാള്‍പോലും രക്ഷകനായ നായയെക്കുറിച്ച് ഓര്‍മ്മിച്ചില്ല. ഇതോടെ തീയില്‍പെട്ട നായ വെന്തമര്‍ന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് നായയ്ക്ക് അപകടമുണ്ടായതെന്ന് രക്ഷപെട്ട താമസക്കാരില്‍ ഒരാള്‍ പറഞ്ഞു.കെട്ടിടത്തിന് സമീപം അനധികൃതമായി സൂക്ഷിച്ചിരുന്ന വിറകിന്റെ ശേഖരം തീപിടിത്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. വിവിധ ഫ്‌ലാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.