ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡു ആരോപിച്ചു. ആന്ധ്രയില്‍ നടന് വോട്ടെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി കമ്മീഷനില്‍ പരാതി നല്‍കിയ ശേഷമാണ് നായിഡു വാര്‍ത്താലേഖകരെ കണ്ടത്. വ്യാഴാഴ്ച 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന വോട്ടെടുപ്പില്‍ 30-40 ശതമാനം വോട്ടിങ് യന്ത്രങ്ങളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചതെന്ന് നായിഡു പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 4,583 മെഷീനുകള്‍ വോട്ടിങ്ങിനിടെ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. 150 പോളിങ് സ്‌റ്റേഷനുകളില്‍ റീപോളിങ് നടത്തണം. തെരഞ്ഞെടുപ്പ് പ്രകിയയുടെയും ജനാധിപത്യത്തിന്റെയും പവിത്രത സംരക്ഷിക്കുന്നതിന് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകുന്നതാണ് നല്ലത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു സ്വയംഭരണ സ്ഥാപനമാണെങ്കിലും പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഇപ്പോള്‍ അത് പ്രവര്‍ത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാനോ പരാതികള്‍ കേള്‍ക്കാനോ തയാറാകുന്നില്ല- നായിഡു പറഞ്ഞു.
വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ ടി.ഡി.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കാര്യവും നായിഡു എടുത്തു പറഞ്ഞു. വോട്ടിങ് സുഗമമായി നടത്തുന്നതില്‍ ശ്രദ്ധിക്കേണ്ടതിനു പകരം വൈ.എസ.്ആര്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശമനുസരിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ മാറ്റുന്നതിലായിരുന്നു കമ്മിഷന്റെ ശ്രദ്ധ. ഇത്രയും നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരിക്കലുമുണ്ടായിട്ടില്ല. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ കമ്മീഷനെ തിരുത്തേണ്ട ധാര്‍മിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും നായിഡു പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രാ പ്രദേശില്‍ 66 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 78.8 ശതമാനമായിരുന്നു.