ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വരാണസിയിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോഡിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന പ്രിയങ്കയുടെ സന്നദ്ധതയിയിൽ കേന്ദ്ര നേതൃത്വം ഉടൻ തീരുമാനമെടുക്കും. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. കിവംദന്തികളിൽ വിശ്വസിക്കുന്നില്ലെന്നും തീരുമാനമെടുത്താൽ ഉടൻ അറിയിക്കാമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല അറിയിച്ചു. മോഡിക്കെതിരെ മത്സരിച്ച് യു.പിയിലെ കോൺഗ്രസിന്റെ മുഖമാകാനാണ് പ്രിയങ്ക വഴി കോൺഗ്രസിന്റെ ശ്രമം. മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കാനെത്തിയാൽ മറ്റു പാർട്ടികൾ പിന്തുണക്കുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. മോഡിയെ അദ്ദേഹത്തിന്റെ തട്ടകത്തിൽ എത്തി പ്രതിരോധിക്കാനുള്ള നീക്കം പ്രിയങ്ക നടത്തിയാൽ അത് കോൺഗ്രസ് രാഷ്ട്രീയത്തിന് പുറമെ ദേശീയ രാഷ്ട്രീയത്തിലും കാര്യമായ ചലനമുണ്ടാക്കും. മാത്രമല്ല, വരാണസിയിൽനിന്ന് മറ്റൊരു മണ്ഡലത്തിൽ കൂടി ഇതോടെ മോഡി മത്സരിക്കാൻ നിർബന്ധിതനായേക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. ഏതായാലും ദേശീയ രാഷ്ട്രീയം പ്രിയങ്ക ഗാന്ധിയുടെ സന്നദ്ധതയിലുള്ള കോൺഗ്രസിന്റെ തീരുമാനം കാത്തിരിക്കുകയാണ്.