Sorry, you need to enable JavaScript to visit this website.

നന്മയുടെ കൂട്ടായ്മയുമായി യാമ്പുവിൽ ഇഫ്താർ സംഗമം

 യാമ്പു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ  സംഗമത്തിൽ നിന്ന്.

യാമ്പു- അശരണർക്കും ആലംബഹീനർക്കും നന്മ ചൊരിഞ്ഞ് നന്മയുടെ ബാനറിൽ സേവന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച യാമ്പു മലയാളി അസോസിയേഷൻ ഇഫ്താർ സംഗമമൊരുക്കി. രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ വേദിയിൽ വേറിട്ട കാഴ്ചപ്പാടുകളും  അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന വിവിധ സംഘടനാ നേതാക്കളുടെ ഈ സംഗമം യാമ്പുവിലെ ഒരുമയുടെ പെരുമ വിളിച്ചറിയിക്കുന്നതായി. 
2013 ൽ രൂപീകരിച്ച സൗഹൃദവേദി പുതിയ സേവന പ്രവർ ത്തനങ്ങളുമായി ഇതിനകം യാമ്പു പ്രവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. നിർധനരായ കിഡ്‌നി, കാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി സംഘടനയുടെ കീഴിൽ ആറു മാസം  മുമ്പ് രാജൻ നമ്പ്യാർ കൺവീനറായി രൂപീകരിച്ച 'നന്മ യാമ്പു' ഇതിനകം നാട്ടിലെ നാൽപതോളം  രോഗികൾക്കായി പന്ത്രണ്ട് ലക്ഷത്തോളം രൂപ ചികിത്സാ ധനസഹായം നൽകി. സുമനസ്സുകളായ ആളുകളിൽ നിന്ന് മാസാന്തം ലഭിക്കുന്ന നിശ്ചിത സംഖ്യയും സംഭാവന ഇനത്തിൽ  കിട്ടുന്ന തുകയും സ്വരൂപിച്ചാണ്  ചികിത്സാ ഫണ്ട് കണ്ടെത്തുന്നത്. സംഘടനക്ക് നിർധനരായ രോഗികളിൽ നിന്ന് ലഭിക്കുന്ന അപേക്ഷയിൽ നിന്ന് അർഹരായവർക്ക് എല്ലാ മാസവും ചേരുന്ന നന്മ എക്‌സിക്യൂട്ടീവ് യോഗം ചികിത്സാ ഫണ്ടിൽ നിന്ന് ധനസഹായം നൽകുന്നു.  മാസാന്തം  ചികിത്സാ സഹായം നൽകുന്നവരെ കൂടി ഒരുമിച്ചു കൂട്ടിയാണ് യാമ്പു അൽ മനാർ ഇന്റർനാഷണൽ സ്‌കൂളിൽ ഇഫ്താർ സംഗമം ഒരുക്കിയത്. നൂറോളം പേർ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തു. 
വ്യവസായ മേഖലയായ  യാമ്പുവിലെ  മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് വൈ.എം.എയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. വിവിധ സംഘടനകളായ കെ.എം.സി.സി, തനിമ, നവോദയ, ഒ.ഐ.സി.സി, യാമ്പു ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, പ്രവാസി സാംസ്‌കാരിക വേദി, ഐ.എഫ്.സി, ഐ.എഫ്.എഫ്, എസ്.കെ. ഐ.സി, ഐ.എഫ്.എ  തുടങ്ങി പൊതുധാരയിലുള്ള  സംഘടനകളെല്ലാം  കൂട്ടായ്മയിൽ പങ്കാളികളാണ്. അബൂബക്കർ മേഴത്തൂർ ആണ് വൈ.എം.എയുടെ പ്രസിഡണ്ട്. അബ്ദുൽ കരീം പുഴക്കാട്ടിരി ജനറൽ  സെക്രട്ടറിയും അഷ്‌കർ വണ്ടൂർ ട്രഷററുമാണ്.

 

Latest News