അമൃത്‌സര്‍- ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഉണങ്ങാത്ത മുറിവായ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ഭീകര ഓര്‍മകള്‍ക്ക് ഇന്ന് ഒരു നൂറ്റാണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയ നിരവധി നേതാക്കളും പ്രമുഖരും ജാലിയന്‍വാലാ ബാഗ് രക്തസാക്ഷികള്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌കിത്തും അമൃത്‌സറിലെ ദേശീയ സ്മാരകം സന്ദര്‍ശിച്ചു പുഷ്പചക്രം അര്‍പ്പിച്ചു. നൂറു വര്‍ഷം മുമ്പ് ജാലിയന്‍വാലാ ബാഗില്‍ നടന്ന സംഭവങ്ങള്‍ ഇന്ന് ബ്രിട്ടീഷ്-ഇന്ത്യന്‍ ചരിത്രത്തിലെ ഒരു നാണക്കേടാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തിലെ നാണക്കേടിന്റെ അടയാളമാണെന്ന് നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി തരേസ മേയ് വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് സ്ഥാനപതിയുടെ പരാമര്‍ശം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഖേദ പ്രകടനം അപൂര്‍ണമാണെന്നും ഔദ്യോഗികമായുള്ള ബ്രിട്ടന്റെ മാപ്പപേക്ഷയില്‍ കുറഞ്ഞതൊന്നും പകരമാവില്ലെന്നും കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല
1919 ഏപ്രിലില്‍ വൈശാഖി ആഘോഷത്തിന്റെ ഭാഗമായി അമൃത്‌സറിലെ ജാലിയന്‍വാലാ ബാഗില്‍ ഒത്തുകൂടിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സ്വാതന്ത്ര്യാനുകൂലികളായ ആയിരക്കണക്കിന് നിരായുധരായ ആളുകള്‍ക്കു നേരെ ഒരു പ്രകോപനവുമില്ലാതെ കേണല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം കൂട്ടവെടിവെപ്പു നടത്തിയതാണ് ജാലിയന്‍വാലാ ബാഗ് സംഭവം. നാനൂറോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് കൊളോണിയല്‍ കാലത്തെ രേഖകളില്‍ പറയുന്നതെങ്കിലും ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആയിരത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.