സ്റ്റോക്ക്‌ഹോം- വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ ബലാത്സംഗ കേസില്‍ നടപടികള്‍ പുനരാരംഭിക്കണമെന്ന ആവശ്യം സ്വീഡനിലെ പ്രോസിക്യൂട്ടര്‍മാര്‍ പരിഗണിക്കുന്നു. ഏഴു വര്‍ഷമായി നല്‍കിയിരുന്ന അഭയം ഇക്വഡോര്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ച് ലണ്ടനില്‍ അറസ്റ്റിലാണ്. രഹസ്യ രേഖകള്‍ ചോര്‍ത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അമേരിക്കക്ക് കൈമാറാന്‍ ബ്രിട്ടീഷ് അധികൃതര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്.
അസാഞ്ചിനെതിരായ ബലാത്സംഗ കേസ് സ്വീഡന്‍ നേരത്തെ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ അന്വേഷണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഇരയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതായി സ്വീഡനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഇവ മാരി പെര്‍സണ്‍ പറഞ്ഞു. അസാഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിനാലാണ് സ്വീഡന്‍ കേസന്വേഷണം 2017 ല്‍ അവസാനിപ്പിച്ചിരുന്നത്. ആരോപണം അസഞ്ച് നിഷേധിക്കുകയും ചെയ്തിരുന്നു. രണ്ട് സ്വീഡിഷ് വനിതകളാണ് അസാഞ്ചിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.
സ്വീഡന് കൈമാറാണമെന്ന അപേക്ഷയില്‍ ബ്രിട്ടനില്‍ ജാമ്യത്തിലിറങ്ങിയ വേളയിലാണ് 47 കാരനായ അസാഞ്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്.