മക്ക - ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ ഇന്ത്യയിൽ നിന്ന് എത്തിയ ഉംറ തീർഥാടകരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഏഴു മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 5,13,031 തീർഥാടകരാണ് എത്തിയത്. തീർഥാടകരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഒന്നും രണ്ടും സ്ഥാനങ്ങളിൽ പാക്കിസ്ഥാനും ഇന്തോനേഷ്യയുമാണ്. പാക്കിസ്ഥാനിൽ നിന്ന് 12,22,459 ഉം ഇന്തോനേഷ്യയിൽ നിന്ന് 8,08,698 തീർഥാടകരും എത്തി. ഈജിപ്തിൽ നിന്ന് 3,16,034 ഉം തുർക്കിയിൽ നിന്ന് 2,50,713 ഉം യെമനിൽ നിന്ന് 2,46,992 ഉം മലേഷ്യയിൽ നിന്ന് 2,43,793 ഉം അൾജീരിയയിൽ നിന്ന് 2,26,538 ഉം ഇറാഖിൽ നിന്ന് 1,85,051 ഉം ജോർദാനിൽ നിന്ന് 1,48,041 ഉം തീർഥാടകരാണ് ഏഴു മാസത്തിനിടെ പുണ്യഭൂമിയിൽ എത്തിയത്. ഇക്കഴിഞ്ഞ വ്യാഴം വരെയുള്ള കണക്കുകൾ പ്രകാരം 57,30,842 ഉംറ വിസകൾ മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ 52,73,075 പേർ ഇതിനകം പുണ്യഭൂമിയിൽ എത്തി. 48,01,032 പേർ ഉംറ കർമവും മദീന സിയാറത്തും പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങി.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മക്കയിലും മദീനയിലുമായി 4,72,043 തീർഥാടകരാണുള്ളതെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.