പാരീസ്- പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസിനെ പാരീസിലെ ഹോട്ടല്‍മുറിയില്‍നിന്ന് കാണാതായ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. തങ്ങളുടെ ജീവനക്കാരിയെ കാണാതായ സംഭവം പി.ഐ.എ ഫ്രഞ്ച് അധികൃതരെ അറിയിച്ചിട്ടുണ്ട്.
സിയാല്‍കോട്ട്-പാരീസ് വിമാനത്തില്‍ ഏപ്രില്‍ ആറിന് പാരീസിലെത്തിയ മുപ്പതുകാരിയായ ഷാസിയ സഈദ് ആണ് അപ്രത്യക്ഷയായത്. ഏപ്രില്‍ ഒമ്പതിന് പാരീസ്-ലാഹോര്‍ ഫ്‌ളൈറ്റില്‍ ഇവര്‍ക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെടുന്നതെന്ന് പി.ഐ.എ വക്താവ് മഷ്ഹൂദ് തജ്‌വാര്‍ പറഞ്ഞു. ലാഹോറുകാരിയായ ഷാസിയ യൂറോപ്പില്‍ അഭയം തേടാനുള്ള സാധ്യതയുണ്ടെന്ന് സൂചനയുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഫരീഹ മുക്താര്‍ എന്ന പി.ഐ.എ എയര്‍ഹോസ്റ്റസ് കാനഡയില്‍ അപ്രത്യക്ഷയായിരുന്നു. ഇവരെ പിന്നീട് ടൊറോണ്ടോയില്‍ കണ്ടെത്തി.