Sorry, you need to enable JavaScript to visit this website.

14 വളര്‍ത്തു മൃഗങ്ങളുമായി എത്തിയ യുഎസ് ടൂറിസ്റ്റിനെ ഹോട്ടലില്‍ നിന്ന് പുറത്താക്കി; ഇനി കേരളത്തിലേക്ക്

അഹമദാബാദ്- ആടും പട്ടികളും പുച്ചകളും അടക്കം ഒരു പറ്റം വളര്‍ത്തു മൃഗങ്ങളുമായി മധ്യവയസ്‌ക്കയായ അമേരിക്കന്‍ വിനോദ സഞ്ചാരി ഹോട്ടലില്‍ മുറിയെടുത്ത് നടത്തിപ്പുകാര്‍ക്ക് തലവേദനയായി. 14 വളര്‍ത്തു മൃഗങ്ങളാണ് യുഎസ് വനിത കൂടെ കൊണ്ടു വന്നത്. ആരു പൂച്ചകല്‍, ഏഴു പട്ടികള്‍, ഒരു ആട് എന്നിവയാണ് ഇവരുടെ വളര്‍ത്തുമൃഗങ്ങള്‍. ഇതു അനുവദിക്കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയച്ചതോടെ അവര്‍ തട്ടിക്കയറി. ഒടുവില്‍ അവര്‍ പോലീസിനെ വിളിച്ചുവരുത്തി. അഹമദാബാദിലെ ഷാ ആലം പ്രദേശത്ത് രണ്ടു ദിവസം മുമ്പാണ് സംഭവം. ഹോട്ടലില്‍ നിന്ന് ഇറങ്ങണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്പോള്‍ യുഎസ് വനിത തങ്ങളെ വിളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരാതിയൊന്നും ഇല്ലാത്തതിനാല്‍ ഇരു കൂട്ടരേയും രമ്യതയിലെത്തിക്കാനാണ് ശ്രമിച്ചതെന്ന് പോലീസ് ഇന്‍സ്്‌പെക്ടര്‍ എസ്.എസ് മോഡി പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരത്തോടെഅവര്‍ ഹോട്ടല്‍ വിട്ടെന്ന് ഉടമ രമേശ് പഞ്ചല്‍ പറഞ്ഞു. ഇനി കേരളത്തിലേക്കാണ് പോകുന്നതെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. 

യുഎസില്‍ നിന്നു വരുന്ന ആള്‍ക്ക് മുറി വേണമെന്ന് പറഞ്ഞ് ഏപ്രില്‍ ഒമ്പതിനാണ് രണ്ടു പേര്‍ ഹോട്ടല്‍ മുറി ബുക്ക് ചെയ്തത്. വളര്‍ത്തു മൃഗങ്ങളും അവരുടെ കൂടെയുണ്ടാകുമെന്ന് ഈ സമത്ത് അറിയിച്ചിരുന്നില്ല. അന്നു രാത്രിയാണ് യുഎസ് വനിത 14 മൃഗങ്ങളുമായി ഹോട്ടലിലെത്തിയത്. വാച്മാന്‍ മാത്രമാണ് ഈ സമയത്തുണ്ടായിരുന്നത്. കൂട്ടിലടച്ച മൃഗങ്ങളെ ഹോട്ടലിലെ ഇടനാഴിയില്‍ വച്ചു. നേരം വെളുത്തപ്പോഴാണ് മൃഗങ്ങളെ കണ്ടതെന്ന് രമേശ് പറഞ്ഞു. ഹോട്ടലിലുണ്ടായിരുന്ന മറ്റു അതിഥികളും ഇതു കണ്ടു ഞെട്ടി. ഇത് അനുവദിക്കില്ലെന്നും മൃഗങ്ങളുമായി ഹോട്ടലില്‍ നിന്ന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടതോടെ യുഎസ് വനിത രോഷാകുലയായി പോലീസിനെ വിളിക്കുകയായിരുന്നു. രണ്ടു ദിവസം തലവേദനയായെങ്കിലും വെള്ളിയാഴ്ച അവര്‍ ഹോട്ടല്‍ വിട്ട ആശ്വാസത്തിലാണ് ഉടമയും ജീവനക്കാരും.
 

Latest News