ഷിംല- ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായ അനില്‍ ശര്‍മ പദവിയില്‍ നിന്ന് രാജിവച്ചു. ഇദ്ദേഹത്തിന്റെ മകന്‍ ആശ്രയ് ശര്‍മയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അനില്‍ ശമര്‍മയുടെ പിതാവ് മുന്‍ കേന്ദ്രമന്ത്രി സുഖ് റാമും മകന്‍ ആശ്രയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ ശര്‍മ. മന്ത്രി പദവി ഒഴിഞ്ഞ അനില്‍ ശര്‍മ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മകനു വേണ്ടിയോ പ്രചാരണത്തിനിറങ്ങില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി പദവി രാജിവച്ചെങ്കിലും ബിജെപിയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡി നിയമസഭാ മണ്ഡലം എംഎല്‍എയാണ് അനില്‍ ശര്‍മ.
മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന അനില്‍ ശര്‍മ 2017ല്‍ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. അന്ന് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിതാവ് സുഖ് റാം ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടുണ്ട്.