Sorry, you need to enable JavaScript to visit this website.

മോഡി നടത്തിയ പരിപാടി തട്ടിപ്പെന്ന് 'ചൗക്കിദാര്‍'മാരുടെ കേന്ദ്ര സംഘടന

ന്യൂദല്‍ഹി- ബിജെപിയുടെ 'മേം ഭി ചൗക്കിദാര്‍' എന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി മാര്‍ച്ച് 20-ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തുടനീളം 25 ലക്ഷം ചൗക്കിദാര്‍മാരുമായി ഓഡിയോ സംവാദം നടത്തി എന്നു പറയപ്പെടുന്ന പരിപാടി വെറും തട്ടിപ്പായിരുന്നുവെന്ന് സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ കേന്ദ്ര സംഘടന. ഈ പരിപാടി ഒരു ബിജെപി എംപി തട്ടിക്കൂട്ടിയ പരിപാടിയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. മോഡിയുമായി അടുപ്പമുള്ള വ്യവസായിയും ബിജെപിയുടെ രാജ്യ സഭാ എംപിയായ ആര്‍.കെ സിന്‍ഹ ഈ പരിപാടിയുടെ പേരില്‍ ലക്ഷക്കണക്കിന് ചൗക്കിദാര്‍മാരെ പറ്റിക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി(സിഎപിഎസ്‌ഐ) എന്ന സംഘടന മോഡിക്ക് അയച്ച കത്തില്‍ ആരോപിച്ചു. 22,000 സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളേയം 85 ലക്ഷത്തോളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരേയും പ്രതിനിധീകരിക്കുന്ന സംഘടനയാണ് സിഎപിഎസ്‌ഐ. 

ആര്‍ കെ സിന്‍ഹ സ്ഥാപിച്ച സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് സര്‍വീസസ് എന്ന സ്വാകാര്യ സെക്യൂരിറ്റി കമ്പനിയും ഇവരുടെ മൂന്ന് സഹ സ്ഥാനപങ്ങളും ചേര്‍ന്ന് പരിപാടിയെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ആര്‍ കെ സിന്‍ഹ സിഎപിഎസ്‌ഐ അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശത്തില്‍ സമ്മതിച്ചുവെന്നും കത്തില്‍ പറയുന്നു. താനാണ് ഈ പരിപാടി മൊത്തം സംഘടിപ്പിച്ചത് എന്നാണ് സിന്‍ഹ പറഞ്ഞത്. പ്രധാനമന്ത്രിയുമായി അടുപ്പം മുതലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ച് തന്റെ സ്ഥാപനത്തിലെ 500 സുരക്ഷാ ജീവനക്കാരുമായുള്ള സംവാദമാണ് സിന്‍ഹ സംഘടിപ്പിച്ചത്. എന്നാല്‍ ഇത് രാജ്യത്തുടനീളം 25 ലക്ഷം സുരക്ഷാ ജീവനക്കാരുമായുള്ള മോഡിയുടെ സംവാദമായി പ്രചരണം നടത്തുകയും ഒരു വിഭാഗം മാധ്യമങ്ങള്‍ ഇങ്ങനെ വാര്‍ത്ത നല്‍കുകയും ചെയ്തു.

മോഡിയുടമായി ഓഡിയോ സംവാദം നടത്താമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒടുവില്‍ ഫേസ്ബുക്ക് ലൈവാണ് നല്‍കിയത്. വലിയൊരു ശതമാനം സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്കും ഫേസ്ബുക്ക് അക്കൗണ്ടു പോലുമില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബാക്കി വരുന്ന ചൗക്കിദാര്‍മാരെ എല്ലാം വഞ്ചിച്ചതില്‍ വേദനയുണ്ടെന്നും സംഘടനയുടെ ചെയര്‍മാന്‍ കുന്‍വര്‍ വിക്രം സിങ് കത്തില്‍ വ്യക്തമാക്കുന്നു.
 

Latest News