പെരിയ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കാസര്‍കോട്- പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രവീണ്‍ പി.എം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
കൊലപാതകത്തില്‍ സി.പി.എം ഉന്നത നേതാക്കള്‍ക്ക് പങ്കില്ലെന്നും ഗൂഢാലോചന നടത്തിയ 10 പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പ്രതി പീതാംബരന്റെ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2018ല്‍ കാസര്‍കോട് പീപ്പിള്‍സ് കോളജില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷമുണ്ടായിരുന്നു. ഇത് പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പീതാംബരന് നേരെ ആക്രമണമുണ്ടാവുകയും ചെയ്തു. ഈ ആക്രമണത്തിന് ശരത്‌ലാലാണ് നേതൃത്വം നല്‍കിയത്. ഇതിലുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News