സിങ്കപ്പൂര്‍- കഴിഞ്ഞ വര്‍ഷം ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പാര്‍പ്പിട സമുച്ചയത്തിനു സമീപം പുലര്‍ച്ചെ മൂന്നര മണിക്ക് പടക്കം പൊട്ടിച്ച കേസില്‍ ഇന്ത്യന്‍ വംശജന് മൂന്നാഴ്ച ജയിലും 5000 ഡോളര്‍ പിഴയും വിധിച്ചു.
2018 നവംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. നിയമവിരുദ്ധമായും സുരക്ഷയില്ലാതെയും പടക്കം പൊട്ടിച്ചതിന് ജീവന്‍ അര്‍ജുന്‍ എന്ന 29 കാരനെയാണ് ശിക്ഷിച്ചത്.
പടക്കത്തിന്റെ ശബ്ദം സമീപത്തെ പാര്‍പ്പിട കേന്ദ്രങ്ങളിലും കേട്ടിരുന്നു. അഞ്ച് മിനിറ്റ് വരെ നീണ്ട പടക്കം പൊട്ടിക്കലില്‍ ആളപായമോ കെട്ടിടങ്ങള്‍ക്ക് കേടുപാടോ ഉണ്ടായിരുന്നില്ല. അനധികൃതമായി പടക്കം സൂക്ഷിച്ചതിനും പൊട്ടിച്ചതിനുമാണ് മൂന്നാഴ്ച ജയിലും 5000 സിങ്കപ്പൂര്‍ ഡോളര്‍ പിഴയും ശിക്ഷ വിധിക്കുന്നതെന്ന് ഡിസ്ട്രിക്ട് ജഡ്ജി മാര്‍വിന്‍ ബേ പറഞ്ഞു. പൊതു പാര്‍പ്പിടത്തിനു സമീപമാണ് പടക്കം പൊട്ടിച്ചതെന്നും അഗ്നിബാധക്കുള്ള സാധ്യത കണക്കിലെടുത്തില്ലെന്നും ഉത്തരവില്‍ പറഞ്ഞു. ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുള്ള ഇക്കാലത്ത് പൂലര്‍ച്ചെ മൂന്ന് മണിയോടെ ഇത്തരത്തില്‍ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് വലിയ പരിഭ്രാന്തിക്ക് കാരണമാകുമെന്നും ജഡ്ജി പറഞ്ഞു.