കോഴിക്കോട്- ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ റാലിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് കോഴിക്കോട്ടെത്തും. കര്‍ണാടകയിലെ പരിപാടി കഴിഞ്ഞ് വൈകീട്ട് അഞ്ചിനാണ് മോഡി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങുക. ഇവിടെ നിന്നും റാലി നടക്കുന്ന കോഴിക്കോട് കടപ്പുറത്തേക്ക് റോഡു മാര്‍ഗം പുറപ്പെടും. തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതിനു ശേഷം സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു പൊതുയോഗമാണ് മോഡിയുടെ റാലി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും കേരളത്തില്‍ ബിജെപി ഉയര്‍ത്തുന്ന ശബരിമല വിഷയവും പ്രചാരണ രംഗത്ത് സജീവ ചര്‍ച്ചയായിരിക്കെയാണ് മോഡിയുടെ വരവ്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് ജില്ലകളിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില പങ്കെടുക്കും.
ശബരിമല തീര്‍ത്ഥാടനത്തിനു പോയ ഭക്തയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ കോഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബുവിന്റെ അസാന്നിധ്യത്തില്‍ ബിജെപി പ്രചാരണം മന്ദഗതിയിലായ കോഴിക്കോട്ടാണ് മോഡി എത്തുന്നത് എന്നതും ശ്രദ്ധേയം. ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രകാശ് ബാബുവിന്റെ രംഗപ്രവേശവും ഈ പരിപാടിയിലൂടെയാകും. ജയിലിലായിരുന്നതിനാല്‍ ഇതുവരെ വോട്ടര്‍മാരെ നേരിട്ടു കണ്ട് പ്രചാരണത്തിനിറങ്ങാന്‍ അദ്ദേഹത്തിനായിരുന്നില്ല.
മോഡി കോഴിക്കോട്ടെത്തുന്നതിനു പുറമെ ബിജെപി അധ്യക്ഷന്‍ അമിത് ഷാ വയനാട്ടിലും പ്രചാരണത്തിനെത്തുമെന്ന്് പാര്‍ട്ടി അറിയിച്ചു. തിരുവനന്തപുരത്തും മോഡിയുടെ റാലിയുണ്ട്.